Breaking News

നീലേശ്വരം - ഇടത്തോട് റോഡ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നു


നീലേശ്വരം : നീലേശ്വരം–- ഇടത്തോട് റോഡ്‌ വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതിയിൽ റെയിൽവേ മേൽപ്പാലം മുതൽ താലൂക്കാശുപത്രി വരെ ഭൂമി ഏറ്റെടുക്കുവാനുള്ള നടപടികൾ പൂർത്തിയാകുന്നു. ഭൂമിയേറ്റെടുക്കലിന്റെ അവസാന ഗഡു ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർക്ക് കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കൈമാറി.
ഏറ്റെടുക്കലടക്കമുള്ള റോഡ് വികസനത്തിന് 42.10 കോടി രൂപയുടെ പദ്ധതിക്ക് 2018 ലാണ് അനുമതി ലഭിച്ചത്. നീലേശ്വരം റെയിൽവേ മേൽപ്പാലം മുതൽ കോടോം-–-ബേളൂർ പഞ്ചായത്തിലെ മൂപ്പിൽ വരെയുള്ള 13.125 കിലോമീറ്റർ വരെ റോഡ് മെക്കാഡം ടാർ ചെയ്ത് നവീകരികുന്നതാണ് പദ്ധതി. മൂപ്പിൽ മുതൽ ഇടത്തോട് വരെ ഇതിന് മുമ്പ് രണ്ട് ഘട്ടങ്ങളിലായി അഭിവൃദ്ധിപ്പടുത്തിയിരുന്നു. 42.10 കോടി രൂപയുടെ ആദ്യ എസ്റ്റിമേറ്റ് 42.69 കോടി രൂപയായി പുതുക്കി. ഇതിൽ ഭൂമി ഏറ്റെടുക്കലിന് വകയിരുത്തിയിരുന്ന 10.80 കോടി രൂപ12 കോടി രൂപയായി വർധിച്ചു. മൊത്തം എസ്റ്റിമേറ്റിലെ മറ്റു ചിലവുകളിലെ ക്രമപ്പെടുത്തലിന് ശേഷം അധികമായിവന്ന 58 ലക്ഷം രൂപ കൂടി കിഫ്ബി അനുവദിച്ചു. ആകെ 127 ഭൂവുടമകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇനി 23 പേർക്ക് നൽകുവാൻ ബാക്കിയുണ്ട്. ഇതിനാവശ്യമായ 2.21 കോടി രൂപ ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർക്ക് കൈമാറി. 23 പേർക്ക് തുക കൈമാറുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകും.




No comments