സപ്ലൈകോ ഓണം 19 മുതൽ ജില്ലയിൽ 71 കേന്ദ്രങ്ങളിൽ കൺസ്യൂമർഫെഡ് ചന്ത താലൂക്ക് ഓണം മേളകൾ മാവേലി സ്‌റ്റോറുകൾ കേന്ദ്രീകരിച്ച് നടത്തും
കാസർകോട് : വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണം ഫെയറുകൾക്ക് 19ന് തുടക്കമാകും. ജില്ലാ ഫെയർ കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്തെ അയ്യപ്പ ക്ഷേത്രത്തിനടുത്ത് 19ന് രാവിലെ 10ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യും.
13 അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ഇവിടെ കിട്ടും. സ്‌റ്റേക്കില്ലാതിരുന്ന ചെറുപയർ, കടല എന്നിവ ജില്ലാ ഗോഡൗണിൽ എത്തി വിതരണത്തിന് തയ്യാറായി.
താലൂക്ക് ഓണം മേളകൾ മാവേലി സ്‌റ്റോറുകൾ കേന്ദ്രീകരിച്ച് നടത്തും. ഇവിടെയും സബ്‌സിഡി സാധനങ്ങൾക്കൊപ്പം മറ്റു സാധനങ്ങളും കിട്ടും. അവയ്‌ക്കും ഓണം ഓഫർ നൽകിയാണ് വിൽപന.
കടകളിൽ സാധനങ്ങൾ സ്‌റ്റോക്കില്ല എന്ന ആപേക്ഷം പരക്കെ ഉയർന്നിരുന്നു. എന്നാൽ ഓണം പ്രമാണിച്ച് എല്ലാ കടകളിലും സബ്‌സിഡി സാധനങ്ങളടക്കം അധികൃതർ ഉറപ്പുതരുന്നു.
ഒരുകേന്ദ്രത്തിൽ 750 കുടുംബങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന നിലയിൽ ക്രമീകരണം ഏർപ്പെടുത്തി. വലിയ തോതിൽ വിപണിയിൽ കണസ്യൂമർഫെഡും ഇടപെടുന്നതോടെ ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുകെട്ടാനാകും.
വി കെ രാജൻ, എക്സിക്യുട്ടീവ് ഡയറക്ടർ, കൺസ്യൂമർഫെഡ്
ക്രമക്കേട് തടയാൻ സഹകരണ വകുപ്പും കൺസ്യൂമർ ഫെഡും പരിശോധനകൾ കർശനമാക്കും. ഇതിനായി സ്ക്വാഡുകൾ രൂപീകരിക്കും. സാധനങ്ങൾ റേഷൻ കാർഡ് വഴിമാത്രമെ വിതരണം നടത്താവൂ. ബില്ലിൽ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാണ്.
കെ ലസിത, ജോയിന്റ് രജിസ്ട്രാർ
71 കേന്ദ്രങ്ങളിൽ കൺസ്യൂമർഫെഡ് ചന്ത
കാസർകോട് : സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് മുഖേന നടത്തുന്ന കൺസ്യൂമർ ഫെഡ് ഓണം വിപണി ജില്ലയിൽ 71 കേന്ദ്രങ്ങളിൽ ആരംഭിക്കും. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകളും 65 സഹകരണ സംഘങ്ങളും ചേർന്നാണ് ജില്ലയിൽ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
ജില്ലാതല ഉദ്‌ഘാടനം 21 ന് രാവിലെ ഒമ്പതിന് മാണിയാട്ട് സഹകരണ ബാങ്കിൽ എം രാജഗോപാലൻ എംഎൽഎ നിർവഹിക്കും. ജില്ലയിലെ വിതരണം കൺസ്യൂമർഫെഡിന്റെ മഡിയനിലെ ഗോഡൗണിൽ ആരംഭിച്ചു. 13 ഇനങ്ങൾ സബ്‌സിഡി നിരക്കിലും, മറ്റുള്ളവ വിപണി വിലയെക്കാൾ കുറച്ചും നൽകും. 28വരെ വിൽപ്പനയുണ്ടാകും.
ഓണവിപണി നടത്തുന്ന ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ ചേർന്നു. അസിസ്റ്റന്റ് രജിസ്ട്രാർ പി കെ ബാലകൃഷ്ണൻ അധ്യക്ഷനായി.
റീജ്യണൽ മാനേജർ ആർ പ്രദീപ് കുമാർ, അസിസ്റ്റന്റ് മാനേജർ പി വി ശൈലേഷ്ബാബു. അസി. രജിസ്ട്രാർമാരായ പി ലോഹിതാക്ഷൻ, കെ രവീന്ദ്ര, എൻ നാഗേഷ എന്നിവർ സംസാരിച്ചു. അസി. രജിസ്ട്രാർ കെ രാജഗോപാലൻ സ്വാഗതവും മാർക്കറ്റിങ്ങ് മാനേജർ കെ വി വേണുഗോപാലൻ നന്ദിയും പറഞ്ഞു.
No comments