Breaking News

തിരിച്ചുവരവിന്റെ പാതയിലായ ജില്ലയിലെ വിനോദ സഞ്ചാര മേഖല ; കവ്വായിക്കായലിൽ 
 ഓണം ബമ്പർ പ്രതീക്ഷ


തൃക്കരിപ്പൂർ : തിരിച്ചുവരവിന്റെ പാതയിലായ ജില്ലയിലെ വിനോദ സഞ്ചാര മേഖല ഓണം ബമ്പർ പ്രതീക്ഷയിലാണ്. സാധാരണ ശനി,​ ഞായർ ദിവസങ്ങളിലായിരുന്നു തിരക്കെങ്കിൽ ഓണാവധിക്ക് എല്ലാ ദിവസും ഹൗസ് ബോട്ടും റിസോർട്ടുകളും നിറയുമെന്ന പ്രതീക്ഷയിലാണ്‌ സംരംഭകർ.
ആലപ്പുഴ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൗസ് ബോട്ടുകൾ സർവീസുള്ളത് കവ്വായിക്കായലിലാണ്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സംരഭങ്ങൾ ഇവിടെയുണ്ട്. ഉത്തര മലബാർ മേഖലയിലെ മികച്ച വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കൂടുതൽ പദ്ധതികൾ വരുന്നതും വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയാണ്.
കോട്ടപ്പുറം മുതൽ വലിയപറമ്പുവരേയും വലിയപറമ്പ് മുതൽ തെക്കോട്ട് ഏഴിമല തയ്യിൽ കടപ്പുറം വരെയുമുള്ള ഹൗസ് ബോട്ട് യാത്ര സഞ്ചാരികളെ ആകർഷിക്കും. പ്രകൃതിരമണീയമായ കരകളും, ചെറുതും വലുതുമായ തുരുത്തുകളും ചെറുവള്ളങ്ങളിലെ മീൻപിടുത്തവും കല്ലുമ്മക്കായ കൃഷിയും കക്കയും മറ്റ് കായൽ വിഭവങ്ങളുടെ ശേഖരണവും നേരിൽ കണ്ടാസ്വദിക്കാം.
ഉല്ലാസത്തോടപ്പം രുചിയൂറും വിഭവങ്ങൾ ലഭിക്കണമെങ്കിൽ യാത്ര കവ്വായികായലിൽ തന്നെയാകണം. 35 ഹൗസ്‌ബോട്ടുകൾ ഇവിടെയുണ്ട്. സുരക്ഷാ മാനദണ്ഡം പാലിച്ചാണ്‌ സർവീസ് . കണ്ടൽ ചെടികൾക്കിടയിലെ കയാക്കിങ്, വലിയപറമ്പിലെ കോർണിഷ് ബീച്ച്, പുലിമുട്ട്, ഏറുമാടത്തിലെയും റിസോർട്ടുകളിലെയും താമസം മറക്കാനാകാത്ത അനുഭവമായിരിക്കും. വിവരങ്ങൾക്ക്‌ ഫോൺ: 94473 84300, 99950 25410.


No comments