Breaking News

ജില്ലയിലെ ടൂറിസം മേഖലയിൽ കരുത്തായി ; പൊലിയം തുരുത്ത്‌: ദ ഇക്കോ തുരുത്ത്‌


എരിഞ്ഞിപ്പുഴ : പച്ചപ്പട്ടണിഞ്ഞ എരിഞ്ഞിപ്പുഴയിലെ ഒളിയത്തടുക്ക ഗ്രാമത്തിൽ മലാങ്കടപ്പിന് സമീപം പയസ്വിനി പുഴയുടെ ഒത്തനടുവിൽ പൊലിയംതുരുത്ത് ഇക്കോ ടൂറിസം സഹകരണ വില്ലേജ്‌ സജ്ജമായി. ഈ മാസം അവസാനത്തോടെ വില്ലേജ് സന്ദർശകർക്കായി തുറന്ന് കൊടുക്കും.
ബോവിക്കാനം– -എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ പിന്നിട്ടാൽ സഹകരണമേഖലയിലെ ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം സ്‌പോട്ടിലെത്താം. ആറ് ഏക്കർ വിസ്തൃതിയുള്ള വില്ലേജിന്റെ കവാടം തൂക്കുപാലമാണ്. പാലം കഴിഞ്ഞ് തുരുത്തിലെത്തിയാൽ കാടിന്റെയും നീണ്ടു നിവർന്ന് നിൽക്കുന്ന കൃഷിയിടത്തിന്റെയും പുഴയുടെയും ദൃശ്യഭംഗി കാണാം. പ്രകൃതിയെ തൊട്ടറിഞ്ഞ് നീങ്ങാം. സമീപത്തെ കാടും വെള്ളച്ചാട്ടങ്ങളും കാണാൻ ഒമ്പതുമീറ്റർ ഉയരമുള്ള വാച്ച് ടവറുണ്ടാകും.
കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ആംഫി തീയറ്റർ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറിത്തോട്ടം, ആയുർവേദ കേന്ദ്രം തുടങ്ങി സന്ദർശകർക്ക് പ്രീയപ്പെട്ടതാക്കാൻ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്‌. ചെറുതും വലുതുമായ കോട്ടേജുകൾ, ചുറ്റും നടപ്പാത, കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്കുകൾ എന്നിവയുമുണ്ടാകും.തുരുത്തിന്റെ ഭൂപ്രകൃതിയിൽ ഒരു മാറ്റവും വരുത്താതെ പ്രകൃതി സൗഹൃദമായാണ് വില്ലേജ് ഒരുക്കിയത്.
ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവനും അതിലൂടെ തൊഴിൽ സാധ്യത വർധിപ്പിക്കാനും കർമംതോടി ആസ്ഥാനമായ ചന്ദ്രഗിരി ഇക്കോ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി (സിറ്റ്കോസ്) യാണ്‌ ഈ സംരംഭത്തിന്‌ പിന്നിൽ. 2022 ജനുവരിയിലാണ് പൊലിയംതുരുത്ത് നിർമാണ പ്രവൃത്തി ആരംഭിക്കുന്നത്.
സിജിമാത്യു പ്രസിഡന്റും ലിഖേഷ് കുമാർ സെക്രട്ടറിയുമായ ഭരണസമിതി ഒന്നര വർഷംകൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഓഹരി സമാഹരിച്ച് സ്ഥലം പാട്ടത്തിനെടുത്താണ് ജില്ലയിലെ ഏറ്റവും ആകർഷകമായ പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം സാധ്യമാക്കിയത്. ഡിസംബറിൽ വിപുലമായ രീതിയിൽ ഉദ്‌ഘാടനം നടത്താനാണ് പദ്ധതി.


No comments