പനത്തടിയിൽ ഗ്രാമസഭയിൽ പങ്കെടുക്കാത്ത തൊഴിലാളികൾക്ക് തൊഴിൽ നിക്ഷേധിച്ചതായി പരാതി
പനത്തടി: ഗ്രാമസഭയിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിക്ഷേധിച്ചതായി പരാതി. പനത്തടി പഞ്ചായത്തിലെ 8-ാം വാർഡിലെ 21 തൊഴിലാളികളാണ് പരപ്പ ബി.ഡി.ഒ ക്ക് പരാതി നൽകിയത്.27-07-23 ന് നടന്ന ഗ്രാമസഭയിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെയാണ് തൊഴിൽ നിക്ഷേധിച്ച്, പ്രവൃത്തി ചെയ്യാൻ അനുവദിക്കാതെ പണി സൈറ്റിൽ നിന്നും മടക്കി അയച്ചത്. 27 ന് നടക്കുന്ന ഗ്രാമസഭയിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്നും, അന്നേ ദിവസത്തെ പ്രവൃത്തിക്ക് പകരമായി 30 ന് ഞായറാഴ് പ്രവൃത്തി ചെയ്താൽ മതിയെന്നും എഡിഎസ്, സി ഡി എസ് ഭാരവാഹികൾ നേരത്തേ തന്നെ തൊഴിലാളികളെ അറിയിച്ചിരുന്നു.എന്നാൽ ചില തൊഴിലാളികൾക്ക് ഗ്രാമസഭയിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. ഗ്രാമസഭയിൽ പങ്കെടുക്കാത്തതിൻ്റെ ശിക്ഷയായാണ് ഞായറാഴ്ച പ്രവർത്തി ചെയ്യാൻ വന്ന തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കാതെ മടക്കി അയച്ചത്. വാർഡിലെ സി ഡി എസ് അംഗം ഈ തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് കൊണ്ട് വാർഡിലെ തൊഴിലുറപ്പ് ഗ്രൂപ്പുകളിൽ വോയിസ് മെസ്സേജ് ഇട്ടിരുന്നു. ഗ്രാമസഭയിൽ പങ്കെടുക്കാത്തവരെ ജോലി ചെയ്യിപ്പിക്കേണ്ട എന്ന് ഇവർ മേറ്റ് മാർക്കും നിർദ്ദേശം നൽകിയിരുന്നു. ഗ്രാമസഭയിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തൊഴിൽ നിക്ഷേധിച്ചത് ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. എ ഡി എസ്, സി ഡി എസ് നേതൃത്വം നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ താൽപര്യം കാണിക്കാത്ത തൊഴിലാളികളെ മസ് റോളിൽ പേര് വയ്ക്കില്ല എന്ന് ഭീക്ഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുന്നു എന്ന് നേരത്തേയും തൊഴിലാളികൾ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ തൊഴിൽ നിക്ഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, തൊഴിലിടങ്ങളിൽ നിർഭയമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്നുമാണ് തൊഴിലാളികൾ പരാതിയിലൂടെ ആവശ്യപ്പെടുന്നത്.
No comments