മലയോര ഹൈവേ വഴി ചെറുപുഴ - മാലോം - വെള്ളരിക്കുണ്ട് റൂട്ടിൽ കൂടുതൽ ബസ് സർവ്വീസുകൾ ആരംഭിക്കണം
വെള്ളരിക്കുണ്ട് താലൂക്കിലെ ജനസാന്ദ്രത ഏറിയ പ്രദേശമാണ് മാലോം - കൊന്നക്കാട് മേഖല. കാഞ്ഞങ്ങാട് , പയ്യന്നൂർ പ്രദേശങ്ങളിൽ നിന്നും നിരവധി ബസ്സുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട് എങ്കിലും ഇരിട്ടി ഭാഗത്തേക്ക് ഒരൊറ്റ സർവ്വീസ് മാത്രമേ ഇവിടെ നിന്നുള്ളു. മലയോര ഹൈവേ വികസിച്ചതുമൂലം ഇവിടെ നിന്ന് ഇരിട്ടി ഭാഗത്തേക്ക് കൂടുതൽ സർവ്വീസുകൾക്ക് സാധ്യതയേറിയിട്ടുണ്ട് . കാരണം മാലോം - കൊന്നക്കാട് മേഖലയിലെ ജനങ്ങൾക്ക് ഏറെ ബന്ധമുള്ള സ്ഥലങ്ങളാണ് ആലക്കോട് , ശ്രീകണ്ഠാപുരം , ചെമ്പേരി, പയ്യാവൂർ, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ .
കൂടാതെ,കാറ്റാംകവല, പറമ്പ, അതിരുമാവ്, കുറ്റിത്താന്നി തുടങ്ങിയ ഈസ്റ്റ് എളേരി പഞ്ചായത്തി ലെ ജനങ്ങൾക്ക് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആസ്ഥാനമായ പരപ്പയിലേക്കും താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന പൂടംകല്ല് മേഖലയിലേക്കും പഞ്ചായത്ത് ആസ്ഥാനമായ ചിറ്റാരിക്കാലിലേക്കും മറ്റും യാത്ര ചെയ്യാൻ ടാക്സികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഉച്ചക്ക് ശേഷം വൈകിട്ട് 6:10 വരെ മാലോം - ചെറുപുഴ റൂട്ടിൽ അത്യാവശ്യ സർവ്വീസുകൾ ഉണ്ടെങ്കിലും രാത്രിയിലും, രാവിലെ 9:50 നും ഉച്ചയ്ക്ക് 1:15 നും ഇടയിൽ ഒരു ബസ്സ് സർവ്വീസ് പോലും ഈ വഴിയില്ലാത്തത് യാത്രാ ക്ലേശം അതി രൂക്ഷമാക്കിയിരിക്കുകയാണ്. ഓഫീസ് ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി ഈ സമയത്താണ് ജനങ്ങൾ കൂടുതലും യാത്ര ചെയ്യുന്നത് എന്നതിനാൽ ഈ ഉച്ചയ്ക്ക് മുൻപ് കൂടുതൽ ബസ്സ് സർവ്വീസുകൾ ഇതു വഴി ആരംഭിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ - ഇരിട്ടി -ചെറുപുഴ മാലോം - വെള്ളരിക്കുണ്ട് - പരപ്പ - രാജപുരം -പാണത്തൂർ / ബന്തടുക്ക ബസ്സ് സർവ്വീസ് മലയോര ഹൈവേ വഴി ആരംഭിക്കുവാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..
No comments