Breaking News

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ടി പ്രമോട്ടർമാരെ നിയമിക്കണം ; കേരളാ വനവാസി വികാസ കേന്ദ്രം


കാസറഗോഡ്  : കാസറഗോഡ് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  പട്ടികവർഗ്ഗ പ്രമോട്ടർമാർ ഇല്ലാത്തതിനാൽ പട്ടികവർഗ്ഗ കുടുംബങ്ങൾ ദുരിതത്തിലാണെന്ന് പരാതി.ഇത് മൂലം വിവിധ ആനുകൂല്യങ്ങൾക്കായി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പ്രമോട്ടർമാരിൽ നിന്ന് ലഭിക്കേണ്ട സാക്ഷ്യപത്രം ലഭിക്കാത്തതിനാൽ  പല ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയാണ്. സാക്ഷ്യപത്രങ്ങൾക്കായി ഈ വിഭാഗക്കാർ ആരെ സമീപിക്കണം എന്നറിയാതെ  നെട്ടോട്ടമോടുകയാണ്..

 പട്ടികവർഗ്ഗ വിഭാഗക്കാരുടെ ചികിൽസാ ധന സഹായം, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്, സ്റ്റൈ ഫൻ്റ് ഉൾപ്പെടെയുള്ള വിദ്യഭ്യാസ ആനുകൂല്യങ്ങൾ, സർക്കാറിൽ നിന്നും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും  ലഭിക്കേണ്ട ചികിൽസാ സഹായം,ഭവന നിർമ്മാണം ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അതാത് വാർഡുകളിലെ പ്രമോട്ടർമാരുടെ സാക്ഷ്യപത്രം ആവശ്യമാണ്. എന്നാൽ മാസങ്ങളായി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രമോട്ടർമാരില്ല.കഴിഞ്ഞ ഒന്നര വർഷം മുമ്പാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ പ്രമോട്ടർമാരെ നിയമിച്ചത്.എന്നാൽ ഇതിൽ നല്ലൊരു ശതമാനം പേരും ജോലി ലഭിച്ചും, വിവാഹം കഴിഞ്ഞും പോയെങ്കിലും പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

        ജില്ലയിലെ ഒഴിവുള്ള മുഴുവൻ വാർഡുകളിലും അടിയന്തിരമായി പ്രമോട്ടർമാരെ നിയമിച്ച് പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് കേരളാ വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷാപ്രമുഖ് ഷിബു പാണത്തൂർ ജില്ലാ കളക്ടർക്കും, ജില്ലാ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments