Breaking News

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളി : കെ റെയിൽ വിരുദ്ധ സമിതി


കാഞ്ഞങ്ങാട്  : കെ റെയിൽ സിൽവർ ലൈനിന് തന്നെയാണ് പ്രഥമ പരിഗണന എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ പറഞ്ഞു. പടന്നക്കാട് പഴയ പോസ്റ്റ് ഓഫീസ് ബിൽഡിങ്ങിൽ സംഘടിപ്പിച്ച പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര - പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിൽ ഭരണ സ്വാധീനം മുഴുവൻ ഉപയോഗിച്ചിട്ടും സർക്കാർ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. പദ്ധതി അനുകൂലികൾക്ക് വോട്ട് ചെയ്യരുത് എന്ന് അഭ്യർത്ഥിച്ചു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ രണ്ട് മണ്ഡലങ്ങളിലും നടത്തിയ പ്രചാരണത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്ക് എതിരാണ് എന്നുമാത്രമല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായി ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുന്ന നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാരുണ്യ ചികിത്സ പദ്ധതി, സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ വിതരണം, നെൽ കർഷകർ ഉൾപ്പടെ ഭക്ഷ്യ ഉത്പാദനരംഗത്തെ ആവശ്യകതകൾ തുടങ്ങിയവയൊന്നും പരിഗണിക്കാതെയാണ് സർക്കാർ സാധാരണക്കാർക്ക് യാതൊരു വിധത്തിലും ഉപയോഗിക്കാനാകാത്ത സിൽവർ ലൈൻ പദ്ധതിക്കായി വാശിപിടിക്കുന്നത്. ജനങ്ങൾ അതിവേഗ യാത്രയ്ക്കായി തിരക്കുകൂട്ടുന്നു എന്ന് പ്രചരിപ്പിക്കാൻ ഉപയോഗിച്ച വന്ദേ ഭാരത് ട്രെയിനിലെ വലിയ തിരക്കും ഇപ്പോഴില്ല. നിലവിലെ സംവിധാനങ്ങൾ തന്നെ ഉപയോഗിക്കുന്ന വന്ദേ ഭാരതത്തിലെ നിരക്ക് തന്നെ സ്ഥിരം യാത്രക്കാർക്ക് താങ്ങാനാകാത്തതാണ് എന്നത് ഇതിലൂടെ വ്യക്തമായിരിക്കുന്നു. ഇതിന്റെ പലമടങ്ങ് നിരക്ക് ഈടാക്കേണ്ടി വരികയും വർഷംതോറും ഏഴര ശതമാനം ചാർജ് വർദ്ധന നടപ്പിലാക്കുകയും ചെയ്യേണ്ട സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്നവർ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ കെ വർഗീസ് അധ്യക്ഷത വഹിച്ചു. കെ സുരേശൻ , കെ സുകുമാരൻ, കെ പി സജി, ശശി തോമസ്, കെ ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

No comments