ജോലി ചെയ്യുന്ന പണം യാത്രകൾക്കായി മാറ്റി വെക്കുന്ന യുവാവ് ഞാണിക്കടവിലെ സന്ദീപ്ചന്ദ്രൻ സഞ്ചാരികൾക്കിടയിലെ വേറിട്ട വ്യക്തിത്വം
നീലേശ്വരം: യാത്രയെ മാത്രം പ്രണയിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട് നമ്മുടെ നാട്ടിൽ. യാത്രയോടുള്ള അമിതമായ ആവേശം കാരണം കിട്ടുന്ന ശമ്പളമെല്ലാം അതിനായി ചിലവഴിക്കുന്ന ഈ ഞാണിക്കടവുകാരൻ എത്താത്ത നാടില്ല. ഞാണിക്കടവ് പിള്ളേർപീടികയിലെ എൻ വി സന്ദീപ് ചന്ദ്രൻ എന്ന യാത്രാ പ്രേമിയുടെ ജീവിതം അൽപം വേറിട്ടതാണ്
തന്റെ സ്വപ്ന സഞ്ചാര കഥകൾ ചങ്ങാതിമാരോട് പങ്കു വെക്കുന്ന ഈ യുവാവ് രാത്രിയും പകലുമെല്ലാം പെട്രോൾ പമ്പിൽ ജോലിചെയ്താണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്. പടന്നക്കാട് ‘ഫസ്റ്റ് ചോയ്‌സ്’ പമ്പിലെ ജീവനക്കാരനായ ഈ 33 വയസുകാരൻ 14 വർഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാസത്തിൽ ഒരുയാത്രയെങ്കിലും നടത്തിയിട്ടുണ്ട്. മൊത്തം 200 ട്രിപ്പുകൾ. മാസത്തിലെ നാല് വീക്ക്‌ലി ഓഫും മൂന്ന് അവധിയുെം ഒരുമിച്ചെടുത്താണ് യാത്രകൾ. അവധികളെല്ലാം യാത്രക്കായി ഉപയോഗിക്കുന്നതാണ് രീതി. മരിക്കുമ്പോൾ പണം കൊണ്ട് പോകാൻ പറ്റുമോയെന്നാണ് സന്ദീപിന്റെ ചോദ്യം. അതിനാൽ കിട്ടുന്ന പണവും സമയവുമെല്ലാം യാത്രകൾക്കാണ്. ചുമട്ടുതൊഴിലാളിയായ ചന്ദ്രന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മുവിന്റെയും മകനാണ്. സ്വാതിയാണ് സഹോദരി. പ്ലസ് ടു പഠനം കഴിഞ്ഞ ശേഷമാണ് യാത്രാകമ്പം തുടങ്ങിയത്. സാഹസിക ട്രക്കിങാണ് ഇഷ്ടം. സൗത്ത് ഇന്ത്യയിലെ ഏത് ട്രക്കിങ് കേന്ദ്രവും മനഃപാഠമെങ്കിലും ഇഷ്ടം കർണാടകയിലെ കുമാര പർവതമാണ്. മഹാരാഷ്ട്ര മുതൽ ഹിമാലയത്തിന്റെ താഴ് വാരം വരെയെത്തും. പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിച്ചും ടെന്റുകളിൽ ഉറങ്ങിയും പരമാവധി ചിലവ് ചുരുക്കും. സമീപകാലത്തായി ചിലവുകുറക്കാൻ ആൾക്കാരെ കൂടെകൂട്ടുന്നുമുണ്ട്. ഏഴുലക്ഷം അംഗങ്ങളുള്ള സഞ്ചാരി ഫേയ്‌സ്ബുക്ക് കൂട്ടായ്മയും യാത്രയ്ക്ക് പ്രോത്സാഹനമാണ്. വലിയൊരു സൗഹൃദ വലയത്തിന് ഉടമ കൂടിയാണ് സന്ദീപ്
No comments