Breaking News

'യമുന' ഇന്ന് മുതൽ തീയ്യേറ്ററുകളിൽ ഒഴുകിത്തുടങ്ങും.. ഇത് മറ്റൊരു പാണത്തൂരുകാരന്റെ സ്വപ്ന സാഫല്യത്തിന്റെ വെള്ളിയാഴ്ച


രാജപുരം: മറ്റൊരു പാണത്തൂരുകാരന്റെ സ്വപ്നം കൂടി ഇന്ന് വെള്ളിത്തിരയിൽ പൂവണിയുന്നു. വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്ന് സംവിധാനം ചെയ്ത നദികളിൽ സുന്ദരി യമുന എന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തുമ്പോൾ മലയോരത്തിനും അത് അഭിമാന നിമിഷം. പാണത്തൂരിൽ നിന്ന് അടുത്ത കാലത്ത് ആയിഷ സിനിമയുമായി അമീർ പള്ളിക്കാൽ എന്ന സംവിധായകൻ ഉദയം കൊണ്ടതിന് പിന്നാലെയാണ് വിജേഷിന്റെ കാൽവെയ്പ്പും. 

വെള്ളം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് നദികളിൽ സുന്ദരി യമുന നിർമ്മിക്കുന്നത്. ഒരു പാട് കാലം സിനിമാ സ്വപ്നവും പേറി നടന്ന വിജേഷിനും ഉണ്ണിക്കും വഴിത്തിരിവായത് വെള്ളം മുരളിയെ പരിചയപ്പെട്ടതിന് ശേഷമാണ്. രണ്ട് ചെറുപ്പക്കാരുടെ സിനിമാ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ പച്ചക്കൊടി കാട്ടിയത് മുരളിയാണ്. ബളാംതോടെ സ്ക്കൂൾ കാലം മുതൽ വിജേഷ് മനസിൽ കൊണ്ടു നടന്ന ആഗ്രഹം  വെള്ളിത്തിരയിൽ പൂവണിയുന്ന വെള്ളിയാഴ്ച്ചയാണ് ഇന്ന്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ കാസർകോടിന്റെ പ്രിയ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ, രാജേഷ് അഴീക്കോടൻ എന്നിവരും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.

റിപ്പോർട്ട് : ചന്ദ്രു വെളളരിക്കുണ്ട്

No comments