Breaking News

ചുള്ളിക്കര തൂങ്ങലിൽ മഹാശിലായുഗ സ്മാരക ചെങ്കല്ലറ കണ്ടെത്തി


ചുള്ളിക്കര : കോടോം-ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര തൂങ്ങലിൽ 1090-ലധികം വർഷം പഴക്കമുള്ള മഹാശിലായുഗ സ്മാരകമായ ചെങ്കല്ലറ കണ്ടെത്തി. തൂങ്ങലിലെ എ.കൃഷ്ണന്റെ പറമ്പിൽ വാഴക്കൃഷിക്കുവേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് ഇത്‌ കണ്ടെത്തിയത്.


വിവരം അമ്പലത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ എ.എസ്.സച്ചിൻ, പി.വി.രഞ്ജിമ എന്നിവർ അറിയിച്ചതനുസരിച്ച് കാഞ്ഞങ്ങാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗം അധ്യാപകനും ചരിത്രഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത്, സാമ്പത്തികവിഭാഗം അധ്യാപകൻ ഡോ. കെ.വി.വിനീഷ്‌കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഗുഹ മഹാശിലാ സംസ്കാരത്തിന്റെ ചരിത്രശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് ഇവർ സ്ഥിരീകരിച്ചു.ചെങ്കൽപ്പാറ തുരന്ന് നിർമിച്ച ചെങ്കല്ലറയുടെ ഒരുഭാഗത്ത് പടികളും രണ്ട് തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മുകൾഭാഗത്ത് വൃത്താകൃതിയിൽ അടച്ചുവയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഊഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്.വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങൾ വിശ്വാസത്തിന്റെ ഭാഗമായി അടക്കംചെയ്തതാണ്. ക്രിസ്തുവർഷം മൂന്നാംനൂറ്റാണ്ടിനുമുൻപാണ്‌ മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്. മണ്ണ് വീഴാതെ മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരുഭാഗത്ത് കവാടവും അടച്ചുവെച്ച നിലയിലാണ് ചെങ്കല്ലറ ഉണ്ടായിരുന്നത്.


തൂങ്ങലിൽ കണ്ടെത്തിയ ചെങ്കല്ലറയുടെ ഉൾഭാഗത്തുനിന്ന് മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. കവാടം അടച്ചുവയ്ക്കാൻ സാധാരണ ചെങ്കല്ല് ചെത്തിയെടുത്താണ് ഉപയോഗിക്കാറുള്ളതെങ്കിലും തൂങ്ങലിൽ കരിങ്കൽപാളിയാണ് ഉപയോഗിച്ചിട്ടുള്ളത്.


മുനിയറ, നിധിക്കുഴി, പീരങ്കിഗുഹ, കൽപ്പത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി എന്നിങ്ങനെ പല പേരുകളിൽ പ്രാദേശികമായി വിളിക്കപ്പെടുന്ന ചെങ്കല്ലറയുടെ കണ്ടെത്തലോടെ ചുള്ളിക്കര പ്രദേശം 2000 വർഷം മുൻപ് തന്നെ ജനാധിവാസമേഖലയായിരുന്നെന്ന് അനുമാനിക്കാമെന്ന് ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.

No comments