Breaking News

ജില്ലയിൽ സ്ഥിരം അപകടങ്ങളുണ്ടാകുന്ന മേഖലകൾ പരിശോധിച്ച് റോഡിലെ അപാകം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിങ് ജില്ലയിലെത്തി


വെള്ളരിക്കുണ്ട്  : ജില്ലയിൽ സ്ഥിരം അപകടങ്ങളുണ്ടാകുന്ന മേഖലകൾ പരിശോധിച്ച് റോഡിലെ അപാകം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഡിസെെൻ വിങ് ജില്ലയിലെത്തി. മടിക്കൈ കണിച്ചിറ വളവ്, ചോയ്യങ്കോട്– മുക്കട – ഭീമനടി റോഡിലെ മഞ്ഞളംകാട്, തൃക്കരിപ്പൂരിലെ തങ്കയം മുക്ക്, മൂന്നാംകടവ് പാലം പരിസരമാണ് കോഴിക്കോട് നിന്നെത്തിയ വിദ​ഗ്ധ സംഘം നിരീക്ഷിച്ചത്. എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള മൂന്നം​ഗ സംഘം സർവേ നടത്തി റിപ്പോർട്ട് നൽകുന്നതോടെ അപകടങ്ങൾ ഒഴിവാക്കാൻ വളവ് നികത്തലുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തും. കണിച്ചിറയിലെ അപകടം കുറക്കാൻ നിലവിലെ സ്ഥലം ഉപയോ​ഗിച്ച് എന്ത് ചെയ്യാനാകുമെന്നാണ് പരിശോധിക്കുക. നേരത്തേ താൽക്കാലിക സുരക്ഷ ഒരുക്കാൻ 10 ലക്ഷം ലഭിച്ചിരുന്നു. തുടർന്ന് വളവ് നികത്താൻ രണ്ടുകോടിയുടെ ഭരണാനുമതിയും ലഭിച്ചു. സൗജന്യമായി സ്ഥലം വിട്ടുകിട്ടാതിരുന്നതോടെ നവീകരണം ത്രിശങ്കുവിലായി. ഇതോടെയാണ് നിലവിലെ സ്ഥലം പരമാവധി ഉപയോ​ഗപ്പെടുത്തി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുന്നത്. ഇവിടെ വലിയ ലോറികൾ കുടുങ്ങുന്നത് പതിവാണ്.
ചായ്യോം സ്കൂളിൽ ജില്ലാസ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസം മഞ്ഞളംകാടിൽ നടന്ന കാറപടത്തിൽ യുവാക്കൾ മരിച്ചിരുന്നു. സ്ഥിരം അപകടമേഖലയാണിത്. മൂന്നാംകടവ് പാലത്തിന് സമീപവും ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പരിഹാരം കാണുകയാണ് ലക്ഷ്യം. സിപിഐ എം നേതാക്കളായ ശശീന്ദ്രൻ മടിക്കൈ, വി പ്രകാശൻ, ബി ബാലൻ എന്നിവരും സ്ഥലത്തെത്തി.


No comments