Breaking News

അതിഥി തൊഴിലാളികൾക്ക് കരുതലുമായി കയ്യൂർ ചീമേനി പഞ്ചായത്ത് മാതൃകയായി ഹമാരാ മെഹ്‌മാൻ പദ്ധതി ആരോഗ്യ ക്യാമ്പുകളും അതിഥി തൊഴിലാളി സംഗമവും സംഘടിപ്പിക്കും


ഹമാരാ മെഹ്‌മാന്‍ അഥവാ നമ്മുടെ അതിഥി എന്ന വാക്ക് അര്‍ത്ഥപൂര്‍ണമാക്കുകയാണ് കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഹമാരാ മെഹ്‌മാന്‍ പദ്ധതിയിലൂടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ക്യാമ്പുകളും അതിഥി തൊഴിലാളി സംഗമവും സംഘടിപ്പിക്കും. 2021-22 വര്‍ഷം തുടക്കമിട്ട പദ്ധതി വിജയം കണ്ടതോടെയാണ് നടപ്പുവര്‍ഷവും പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ഒരുങ്ങുന്നത്. പഞ്ചായത്തില്‍ താമസമാക്കിയ അതിഥി തൊഴിലാളികളുടെ ആരോഗ്യ വിവരങ്ങള്‍ ക്യാമ്പിലൂടെ പരിശോധിച്ച് പ്രത്യേകം രേഖപ്പെടുത്തും. എല്ലാ തൊഴിലാളികള്‍ക്കും ക്യാമ്പിലൂടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഫോട്ടോ പതിച്ച കാര്‍ഡ് നല്‍കും. തൊഴിലാളിയുടെ പേര്, വിലാസം,  ഫോണ്‍ നമ്പര്‍, നാട്ടിലെത്തിയ തീയതി, ആധാര്‍ നമ്പര്‍, സ്‌പോണ്‍സറുടെ വിവരങ്ങള്‍ എന്നിവ ആദ്യ പേജില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് ഉയരം, ഭാരം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, എന്നിവ പരിശോധിച്ച് കാര്‍ഡില്‍ രേഖപ്പെടുത്തും. മന്ത്, മലേറിയ എന്നിവയും ക്യാമ്പിന്റെ ഭാഗമായി പരിശോധിക്കും. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യ ക്യാമ്പ് നടത്തുക. ചാനടുക്കം-കാക്കടവ്, ചീമേനി, മുഴക്കോം, കയ്യൂര്‍ മേഖലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മരുന്നുകള്‍ ആവശ്യമെങ്കില്‍ സൗജന്യമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കും.


ഹമാരാ മെഹ്‌മാന്‍ പദ്ധതിയിലൂടെ പ്യാര്‍ കീ ആവാസ് എന്ന പേരില്‍ അതിഥി തൊഴിലാളി സംഗമവും നടത്തും. അതിഥി തൊഴിലാളികള്‍ക്കായി കലാ കായിക പരിപാടികള്‍ ഒരുക്കും. അതിഥി തൊഴിലാളികളുടെ മാനസിക പിരിമുറക്കം ഇല്ലാതാക്കാനും കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സംഗമം തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് വമ്പിച്ച വിജയമായിരുന്നു.

No comments