Breaking News

കേരളത്തിൽ ചിത്രശലഭ സാന്നിധ്യം കൂടുതലുള്ള വനമേഖലയായി റാണിപുരവും റാണിപുരം വനത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ 66 ഇനം പൂമ്പാറ്റകളെ‌ കണ്ടെത്തി


രാജപുരം : ആറളത്തിനുപിറകെ കേരളത്തിൽ ചിത്രശലഭ സാന്നിധ്യം കൂടുതലുള്ള വനമേഖലയായി റാണിപുരവും. ജില്ലാ ബേഡേർസ് കൂട്ടായ്മ വനംവകുപ്പുമായി ചേർന്ന് റാണിപുരം വനത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ 66 ഇനം പൂമ്പാറ്റകളെയാണ്‌ കണ്ടെത്തിയത്‌. വനാന്തരങ്ങളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ആട്ടക്കാരി, കാട്ടുപാത്ത, സതേൺ സ്‌പോട്ടഡ് എയ്‌സ്, വിന്ധ്യൻ ബോബ് എന്നീ ഇനങ്ങളെയാണ് പുതുതായി കണ്ടെത്തിയത്‌. ചെങ്കൊമാളി, ചുട്ടിക്കറുപ്പൻ, ചോല വിലാസിനി, പുലിത്തെയ്യൻ, വനദേവത, പൂച്ചക്കണ്ണി, എരുക്കുതപ്പി ... തുടങ്ങി വർണച്ചിറകുവീശുന്ന അനേകം പൂമ്പാറ്റകൾ വേറെയുമുണ്ടിവിടെ. കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രമായ റാണിപുരത്ത് ആദ്യമായാണ് ചിത്രശലഭ സർവേ നടന്നത്.
റാണിപുരം ക്വാർട്ടേഴ്‌സിന് താഴെഭാഗം, ട്രക്കിങ് പാത, അച്ചൻപാറ, എൻഎ പ്ലാന്റേഷൻ, പാറക്കടവ് എന്നിവിടങ്ങളിലായിരുന്നു സർവേ. ഫോറസ്റ്റ് ഓഫീസർ ബി ശേഷപ്പ, ബിഎഫ്ഒ ആർ കെ രാഹുൽ, വിഎസ്എസ് പ്രസിഡന്റ് നിർമല, ബേഡേർസ് കൂട്ടായ്മയിലെ രാജു കിഡൂർ, ശ്രീശാന്തി, പ്രണവ് കാർലെ, ശ്യാംകുമാർ പുറവങ്കര, കെ അനൂപ്, പൂർണപ്രജ്ഞ എന്നിവർ സർവേക്ക്‌ നേതൃത്വം നൽകി.



No comments