Breaking News

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ കെട്ടിട വാടക പകുതിയാക്കും


കാഞ്ഞങ്ങാട് : വർഷങ്ങളായി വാടകക്കാരെ കാത്തിരിക്കുന്ന ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ കടമുറികളിലേക്ക് ഇനി കച്ചവടക്കാരെത്തും. മാസവാടകയും സെക്യൂരിറ്റി നിക്ഷേപവും കുറച്ചാണ് മുറികൾ വാടകയ്ക്ക് നൽകാൻ കാഞ്ഞങ്ങാട്‌ ന​ഗരസഭ കൗൺസിൽ യോ​ഗത്തിലാണ് തീരുമാനം.
നിയമാവലി ഭേ​ദ​ഗതിയിലൂടെയാണ് തുക പുനർ നിർണയിച്ചത്. സംവരണം ചെയ്ത മുറികളുടെ സുരക്ഷാനിക്ഷേപം ഒരു വർഷത്തിൽനിന്ന് ആറുമാസമായി കുറച്ചിട്ടുണ്ട്. സംവരണം ചെയ്യാത്ത മുറികളുടെ ഡെപ്പോസിറ്റ് പത്തുമാസത്തേത് മാത്രം നൽകിയാൽ മതിയാകും.
15 ലക്ഷം രൂപയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഇത് നേരത്തെ പകുതിയാക്കിയിരുന്നു. എന്നിട്ടും വാടകക്ക്‌ ആരും എത്താത്തതിനാലാണ്‌ ഇപ്പോൾ ചുരുക്കിയത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് താഴത്തെ നിലയിലെ വാടക ചതുരശ്രമീറ്ററിന്‌ 70 രൂപയിൽ നിന്ന് 30 രൂപയാക്കും. രണ്ടാം നിലയിൽ 60 രൂപയിൽ നിന്ന് 25 രൂപയാക്കും. മൂന്നാം നിലയിൽ 45ൽ നിന്ന് 20 രൂപയായും കുറക്കും. സംവരണം ചെയ്ത മുറിയുടെ ലേലത്തിൽ പങ്കെടുക്കുന്നവർ ന​ഗരസഭാ പരിധിയിലുള്ളവർ ആകണമെന്ന വ്യവസ്ഥ പരിഷ്കരിച്ച് മുൻ​ഗണന എന്നാക്കിയിട്ടുണ്ട്. ഇതോടെ ഇനി ആർക്കും മുറികൾ സ്വന്തമാക്കാനാകും.



No comments