Breaking News

കാനത്തൂർ പേരടുക്കത്ത് കണ്ടത്‌ കഴുതപ്പുലി; സ്ഥിരീകരിച്ച് വനം വകുപ്പ്


ബോവിക്കാനം : കാനത്തൂർ പേരടുക്കത്ത് ഞായറാഴ്ച കാർയാത്രക്കാർ കണ്ടത് കഴുതപ്പുലിതന്നെ. വനംവകുപ്പ് ഇത് സ്ഥിരീകരിച്ചു.ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ഇതുവഴി കാറിൽ സഞ്ചരിക്കുകയായിരുന്ന ബേഡകം കുറത്തിക്കുണ്ടിലെ ജയേഷ്, പുല്ലൂർ കൊടവലത്തെ സുജിത്ത് എന്നിവരാണ് പുലിയെ പോലുള്ള മൃഗത്തെ കണ്ടത്. മുള്ളൻപന്നിയെ കടിച്ചെടുത്ത് പോകുകയായിരുന്നു.നാട്ടുകാർ രാത്രി തിരിച്ചിൽ നടത്തി. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തു.കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും ഭീതി നിഴലിക്കുന്ന പ്രദേശത്ത് പുലിയിറങ്ങിയെന്ന വാർത്ത നാട്ടുകാരിൽ ആശങ്കയ്ക്കിടയാക്കി.


വിവരമറിഞ്ഞ് വനംവകുപ്പ് ജീവനക്കാരും ഞായറാഴ്ച രാത്രി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. മുള്ളൻപന്നിയുടെ മുള്ളുകളും രക്തക്കറയും കണ്ടെത്തിയിരുന്നു. കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. പ്രവീൺകുമാർ, ദ്രുതകർമസേന ഓഫീസർ കെ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെയും പരിശോധന നടത്തി. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കാർയാത്രക്കാർ കണ്ടത് കഴുതപ്പുലിയാകാമെന്നും ഫോറസ്റ്റ് ഓഫീസർ പി. പ്രവീൺകുമാർ പറഞ്ഞു.


No comments