Breaking News

ജനപ്രതിനിധികൾ സന്ദർശിച്ചു ; കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ പൂർത്തീകരിച്ച സൗരോർജ തൂക്ക് വേലി കാണാൻ ജനപ്രതിധികളും ഉദ്യോഗസ്ഥരുമെത്തി


പരപ്പ : കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ചേർത്ത് നടപ്പിലാക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച സൗരോർജ തൂക്ക് വേലി കാണാൻ ജനപ്രതിധികളും ഉദ്യോഗസ്ഥരുമെത്തി.
ദേലംപാടി പരപ്പയിൽ അഞ്ച് കിലോമീറ്റർ ദൂരത്തിലും ബെള്ളക്കാന മുതൽ പുലിപ്പറമ്പ് വരെ 24 കിലോമീറ്ററും വേലിയുണ്ട്. ഓരോ രണ്ട് കിലോമീറ്റർ ദൂരത്തിലും രണ്ട് സോളാർ പാനൽ യൂണിറ്റുകളുണ്ട്. വേലിയിൽ ആനകളെ പ്രതിരോധിക്കാനുള്ള ചാർജ് സ്ഥിരമായി നിൽക്കാനുള്ള പരിശോധന നടത്താനുള്ള സംവിധാനങ്ങളുമുണ്ട്. കൃത്യമായ അറ്റകുറ്റ പണിക്കും വേലിയുടെ സംരക്ഷണത്തിനായി വനംവകുപ്പും ത്രിതല പഞ്ചായത്തുകളും ചേർന്ന് പ്രവർത്തിക്കും. ഇതിനായി തുക വിലയിരുത്തും. ആനകളെ മുഴുവൻ തുരത്തി ശേഷം 29 കിമീ വേലി ചാർജ് ചെയ്‌തു.
ദേലംപാടിയിലെ പരപ്പയിലും പുലിപ്പറമ്പയിലും ജനപ്രതിധിനിധി-ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. രണ്ട് സ്ഥലത്തും ഒരു കിലോമീറ്റർ ദൂരം വേലി നടന്ന് കണ്ടു.
കാസർകോട് റേഞ്ചർ ടി ജി സോളമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ പി ഉഷ, കെ ഗോപാലകൃഷ്ണ, പി വി മിനി, എച്ച് മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി കെ നാരായണൻ, പി സവിത, സ്മിത പ്രിയരഞ്ജൻ, ബ്ലോക്ക് അംഗങ്ങളായ ചനിയ നായ്ക്, വാസന്തി ഗോപാലൻ, എൻ യശോദാ, കാറഡുക്ക പഞ്ചായത്ത് സെക്രട്ടറി പ്രേമലത, ബ്ലോക്ക് ജോയിന്റ് ബിഡിഓ എൻ എ മജീദ്, ജിഇഓ കെ ജി ബിജുകുമാർ, ദേലംപാടി പഞ്ചായത്തംഗം സി രാധാകൃഷ്ണൻ, എസ്എഫ്ഓ കെ എം രമേശൻ, ബിഎഫ്ഓ പി കെ സുനിൽ എന്നിവർ ഒപ്പമുണ്ടായി.
3.33 കോടിയുടെ പദ്ധതി; 
വേലിക്ക്‌ മാത്രം 1.7 കോടി
കാസർകോട്
നിരീക്ഷണ ടവറടക്കം 3.33 കോടിയുടെ പദ്ധതിയിൽ വേലിക്കായി മാത്രം 1.7 കോടി ചെലവിട്ടുവെന്ന്‌ കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുപ്പതിൽ അധികം ആനകൾ ജനവാസകേന്ദ്രങ്ങളിൽ വർഷങ്ങളായി വലിയ തോതിൽ നഷ്ടങ്ങൾ ഉണ്ടാക്കി. അതിനാണിപ്പോൾ പരിഹാരമാാകുന്നത്‌. വനംവകുപ്പുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയാണിത്‌. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കി സംസ്ഥാന പ്ലാനിങ് കോഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയാണ് ഈ പദ്ധതി ആരംഭിച്ചത്. മന്ത്രിമാരെ കണ്ട് ചർച്ച നടത്തിയ ശേഷമാണ് പ്രോജക്ട്‌ അംഗീകരിച്ചത്. സംസ്ഥാന ആസൂത്രണ വകുപ്പ് അംഗീകാരം ലഭിച്ചത് കൂടാതെ മാതൃകാ പദ്ധതിയെന്ന നിലയിൽ പ്രോത്സാഹന ധനസഹായവും അനുവദിച്ചു.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇപ്പോൾ ആദ്യമായാണ്‌ അഞ്ച് പഞ്ചായത്ത് പരിധിയിൽ ഒരു ആനയുമില്ലാത്ത സ്ഥിതിയുള്ളത്‌. പരപ്പ ഫോറസ്റ്റ് ഡിവിഷന് കീഴിൽ നാല് ആനകൾ ഇപ്പോഴുമുണ്ട്. ആനകൾ വേലിയ്ക്ക് അരികിലെത്തി തിരിച്ചു പോയത് സോളാർ തൂക്ക് വേലി ഫലപ്രദമെന്നതിന്റെ തെളിവാണെന്നും സിജി മാത്യു പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ വനംമേധാവി കെ അഷ്‌റഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ ബി കെ നാരായണൻ എന്നിവരും പങ്കെടുത്തു.


No comments