Breaking News

പൂമ്പാറ്റകളുടെ വീട് ചിത്രശലഭങ്ങൾക്കായി സ്വന്തം വീട്ടുമുറ്റത്ത് ഉദ്യാനമൊരുക്കി കോളംകുളത്തെ വി.കെ ഹരീഷ്‌


ബിരിക്കുളം : കിലുക്കാം പെട്ടിച്ചെടിയും കറിവേപ്പും നാരകവുമൊക്കെ നട്ടുപിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതുതലമുറയെ സൃഷ്ടിക്കാനുമുതകുന്ന ജീവിത പരിസരമൊരുക്കുകയാണ്‌  കോളംകുളത്തെ  വി കെ ഹരീഷ്‌. ചെടികൾക്കും പൂക്കൾക്കുംപുറമേ വ്യത്യസ്‌ത വർണങ്ങളിൽ പാറിക്കളിക്കുന്ന പൂമ്പാറ്റകളാൽ നിറഞ്ഞിരിക്കുകയാണ്‌ കാസർകോട് എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ  ഹരീഷിന്റെ വീട്ടുമുറ്റം.  ചിത്രശലഭങ്ങളെ ആകർഷിക്കുന്ന കിലുക്കാംപെട്ടിച്ചെടി (ക്രോട്ടലേറിയ റെട്ട്യൂസ) യുടെ വകഭേദമായ  റാറ്റിൽവീഡ്  നട്ടുപിടിപ്പിച്ചാണ്  ഉദ്യാനമൊരുക്കിയത്‌.  

കരിനീലക്കടുവ  (ഡാർക്ക് ബ്ലു ടൈഗർ)യാണ്‌  കിലുക്കാപെട്ടി ചെടികളെ തേടി കൂടുതലായെത്തുന്നത്‌. എല്ലാവർഷവും സെപ്തംബറിൽ കടുംനീലയും മഞ്ഞയും നിറത്തിലുള്ള നൂറുകണക്കിന് പൂമ്പാറ്റകൾ  ഇവിടെയെത്തും. ഇവയ്ക്കായി ഹരീഷ് വിത്തിട്ട് മുളപ്പിച്ച് ചെടികളെ  വളർത്തും. നീളം കൂടുതലുള്ള ചെടികകളിൽ പൂവിടരുന്നുണ്ടെങ്കിലും ഇലകളിലെ നീരാണ് ഇവ കുടിക്കുന്നത്. ചെടിയുടെ ഇലകളിലും തണ്ടിലും  അടങ്ങിയ ‘പൈറോളിസിഡിൻ ആൽക്കലോയിഡ്’ ഇനത്തിൽപ്പെട്ട മോണോ കോട്ടാലിൽ എന്ന പദാർഥം ആൺപൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമാണ്. 

പെൺ പൂമ്പാറ്റകൾ ചെടിയുടെ ഇലകൾക്കടിയിൽ മുട്ടയിടും. പുതിയ പൂമ്പാറ്റ വിരിയുന്ന കാഴ്ച്ചയും മനോഹരമാണ്. പെൺചെടികളിൽ മാത്രമാണ് പൂ വിരിയുന്നത്. ആൺചെടികളിലെ ഇലകളിലെ തേൻ മാത്രമേ ഈ പൂമ്പാറ്റകൾ കൂടിക്കൂ.  ചെടികൾ ഉണങ്ങിത്തുടങ്ങുമ്പോൾ പൂമ്പാറ്റകൾ മറ്റൊരിടത്തേക്ക് കൂട് മാറും. മികച്ച കർഷകൻ കൂടിയായ ഹരീഷ്  മൂന്നാംവർഷമാണ് കരിനീല കടുവകൾക്കായി പൂന്തോട്ടം ഒരുക്കിയത്‌.

No comments