Breaking News

പുരസ്കാരം നേടിയ ജില്ലയിലെ കിനാനൂർ –കരിന്തളം കുടുംബശ്രീ സിഡിഎസിനെ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ അഭിനന്ദിച്ചു


കാസർകോട്‌ : രാജ്യത്തെ ഏറ്റവും മികച്ച സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മയ്ക്കുള്ള പുരസ്കാരം നേടിയ ജില്ലയിലെ കിനാനൂർ –-കരിന്തളം കുടുംബശ്രീ സിഡിഎസിനെ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ അഭിനന്ദിച്ചു. കേരളത്തിലെ കുടുംബശ്രീ പ്രവർത്തകർക്കാകെ ആവേശവും അഭിമാനവുമേകുന്ന നേട്ടമാണ് കിനാനൂർ കരിന്തളത്തെ കുടുംബശ്രീ പ്രവർത്തകർ സ്വന്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.
അപ്മാസ് (ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി) എന്ന എൻജിഒ ആണ് എസ്എച്ച്ജി ഫെഡറേഷൻസ് അവാർഡ് സമ്മാനിക്കുന്നത്. രാജ്യത്ത്‌ മികച്ച പ്രകടനം കാഴ്ചവെച്ച 337 സ്വയം സഹായസംഘ കൂട്ടയ്മകളോട് മത്സരിച്ചാണ് കിനാനൂർ കരിന്തളം സിഡിഎസ് ഈ നേട്ടം സ്വന്തമാക്കിയത്. ഭരണ നിർവ്വഹണം, വിഭവങ്ങൾ, ആസ്തി, സംവിധാനങ്ങൾ, ലാഭം, അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, ഓരോ സ്വയം സഹായ സംഘത്തിന്റെയും പ്രകടനം എന്നിവയെല്ലാം വിലയിരുത്തിയായിരുന്നു അവാർഡ്‌ നിർണ്ണയം.
ഒക്ടോബർ 10,11 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ്‌ സമ്മാനം. കഴിഞ്ഞ വർഷം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മയ്ക്കുള്ള പുരസ്കാരം ജില്ലയിലെ പനത്തടി സിഡിഎസ്‌ സ്വന്തമാക്കിയിരുന്നു.


No comments