Breaking News

റൈസിങ്‌ കാസർകോട്‌ ജില്ലാ നിക്ഷേപക സംഗമം ; 282 കോടിയുടെ നിക്ഷേപം റെഡി


ബേക്കൽ : റൈസിങ്‌ കാസർകോട്‌ ജില്ലാ നിക്ഷേപക സംഗമത്തിൽ 282 കോടി രൂപയുടെ നിക്ഷേപത്തിന് അന്തിമരൂപമായി. 300 കോടി രൂപയുടെ പ്രവാസി ടൗൺഷിപ്പ് നിർമിക്കാൻ പ്രവാസി ചേംബർ ഓഫ് കൊമേഴ്സ് മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇതിന്റെ സാധ്യതയും വിശദ പദ്ധതി റിപ്പോർട്ടും പഠിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബേക്കൽ ലളിത്‌ റിസോർടിൽ ചൊവ്വാഴ്‌ച മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌ത സംഗമത്തിൽ ആദ്യദിനം നൂറോളം നിക്ഷേപകർക്ക് മുന്നിൽ തെരഞ്ഞെടുത്ത 22 പദ്ധതികൾ അവതരിപ്പിച്ചു. നിക്ഷേപകർക്ക് തെരഞ്ഞെടുക്കുന്ന പ്രോജക്ടുകൾ സംരംഭങ്ങൾ ആക്കി മാറ്റാനുള്ള പിന്തുണാ സംവിധാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അധ്യക്ഷയായും, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ സമിതിയിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രതിനിധികൾ അംഗങ്ങളാകും.
സംഗമത്തിൽ വിവിധ മേഖലകളിൽ നിക്ഷേപ താൽപ്പര്യം അറിയിച്ച സംരംഭകർക്കായി വരുംദിവസങ്ങളിൽ പ്രത്യേകം യോഗംചേരും. അടുത്ത ഒരുവർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. നിക്ഷേപക സംഗമത്തിൽ നിക്ഷേപ സാധ്യതകൾ ചർച്ചചെയ്ത് വിവിധ സെഷനുകൾ നടന്നു. ഇതിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെത്തി.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്‌ കുമാർ , ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദിൽ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ജെ സജിത്‌, ജോമോൻ ജോസ്, ജാസ്മിൻ കബീർ, ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് , നവകേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ കെ ബാലകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


No comments