Breaking News

മലയോരം തട്ടകമാക്കിയ തസ്‌ക്കരൻ ; തുരന്ന്‌ കയറും, മോഷ്ടിക്കും പിന്നാലെ കൂളായി 
പിടിയിലാകും

വെള്ളരിക്കുണ്ട്‌ : നാട്ടിലെ ചെറുകിട വ്യാപാരികൾക്കാകെ സ്ഥിരം തലവേദനയാണ്‌ പരപ്പയിൽ അറസ്‌റ്റിലായ തൊരപ്പൻ സന്തോഷ്‌. കണ്ണൂർ ജില്ലയിലെ നടുവിൽ പുലിക്കുരുമ്പയിലെ നെടുമലയിൽ എൻ വി സന്തോഷ്(40) തൊരപ്പൻ സന്തോഷ് എന്ന പേരിൽ കുപ്രസിദ്ധനാണ്‌. ജയിലിൽ നിന്നുമിറങ്ങി മാസങ്ങൾക്കകം സമാന രീതിയിൽ മോഷണം നടത്തി പിടിയിലാകുകയാണ്‌ ഇയാളുടെ ‘ഹോബി’. ഇത്തവണ പിടിച്ചത്‌ വെള്ളരിക്കുണ്ട്‌ പൊലീസാണെന്ന്‌ മാത്രം.
മോഷ്ടാവായ തൊരപ്പൻ സന്തോഷ് മോഷണത്തിലെ വൈവിധ്യത്തിലും ശ്രദ്ധേയനാണ്. പാരയും ഇരുമ്പു കമ്പിയും ഉപയോഗിച്ച്‌ കടകളുടെ പിൻചുമർ തുരന്ന് ദ്വാരമുണ്ടാക്കും. ഇഴഞ്ഞ്‌ അകത്തുകയറിയാണ്‌ മോഷണം. ഷട്ടറിന്റെ പൂട്ട് പൊളിച്ചും അകത്ത്‌ കയറാറുണ്ട്‌. സമാന രീതിയിൽ മോഷണം റിപ്പോർട്ടു ചെയ്‌താൽ തൊരപ്പൻ ജയിലിൽ നിന്നിറങ്ങിയോ എന്നാണ്‌ പൊലീസ്‌ ആദ്യം പരിശോധിക്കുന്നത്‌.
മലയോര മേഖലയിൽ മലഞ്ചരക്ക് കടകളും ഷോപ്പിങ് സെന്ററുകളുമാണ് പ്രധാന ലക്ഷ്യം. പണം മാത്രമല്ല കിട്ടുന്ന മലഞ്ചരക്കും മറ്റു സാധനങ്ങളും കൊണ്ടുപോകും. ഇതുകടത്താൻ ഗുഡ്‌സ് ഓട്ടോറിക്ഷ വരെ സന്തോഷിനുണ്ട്‌. ഇയാൾക്ക് ജയിൽ വീടുപോലെയാണ്. ആറുമാസം ജയിൽ ശിക്ഷകഴിഞ്ഞുവന്നാൽ നിരവധി മോഷണങ്ങൾ നടത്തി പൊലീസിന് പിടികൊടുത്ത് ജയിലിൽ പോകും. ജയിലിൽ പരിചയപ്പെട്ടവരെ ഒപ്പം മോഷണത്തിന്‌ കൂട്ടാറുണ്ടെന്നും കഥയുണ്ട്‌.
കണ്ണൂർ സബ് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയതിനു ശേഷം നഴ്‌സറിയിൽ മോഷണം നടത്തി ജയിൽ അധികൃതർക്ക് സമ്മാനിക്കാനായി നിറയെ പൂച്ചെടികളുമായി വന്ന തൊരപ്പൻ മുമ്പ്‌ വാർത്തകളിലും നിറഞ്ഞിരുന്നു. തന്നെ ഇത്രനാൾ പോറ്റിയതിന് സമ്മാനമായി ഇതിവിടെയിരിക്കട്ടെയെന്നഎ ജയിൽ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞാണ് അടിച്ചുമാറ്റിയ പൂച്ചെടികൾ ജയിൽ കവാടത്തിൽവച്ചു മുങ്ങിയത്.

No comments