Breaking News


കൊച്ചുമോന്റെ ജീവനായി ഉപ്പൂപ്പ കിണറിൽ ചാടി, നൽകി പുതുജീവൻ കാഞ്ഞങ്ങാട് അതിഞ്ഞാൽ ജുമാ മസ്ജിദിന് സമീപത്തെ സി എച്ച് അബ്ദുല്ല (67)യാണ് കിണറിലേക്കെടുത്തുചാടി കൊച്ചുമകനെ രക്ഷിച്ചത്

കാഞ്ഞങ്ങാട് : വലയിൽ കുടുങ്ങിയ പന്തെടുക്കുന്നതിനിടെ വലപൊട്ടി കിണറിൽവീണ അഞ്ചുവയസ്സുകാരന് കുഞ്ഞനുജനും ഉപ്പൂപ്പയും നൽകിയത് പുതുജന്മം. അജാനൂർ അതിഞ്ഞാലിൽ ശനിയാഴ്ചയാണ് സംഭവം. അതിഞ്ഞാൽ ജുമാ മസ്ജിദിന് സമീപത്തെ സി എച്ച് അബ്ദുല്ല (67)യാണ് കിണറിലേക്കെടുത്തുചാടി കൊച്ചുമകനെ രക്ഷിച്ചത്. അബ്ദല്ലയുടെ മകൾ നസീജയുടെയും പ്രവാസിയായ സമീറിന്റെയും മകൻ അർമാനാണ് കിണറിൽ വീണത്. ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് കിണറിന്റെ വലയിൽ കുടുങ്ങിയിരുന്നു. വല പൊട്ടുമെന്നറിയാതെ ഇതിൽ കയറിയതോടെ വലയ്ക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. അതിനിടെ പുറത്തിറങ്ങിയ നസീജയ്ക്ക് ശബ്ദം കേട്ടതുപോലെ തോന്നി. പരിസരത്ത് അർമാനെ കാണാനുമില്ലായിരുന്നു. സമീപത്ത് കളിക്കുകയായിരുന്ന രണ്ടുവയസ്സുകാരനും അർമാന്റെ അനുജനുമായ സോഹാനോട് കാര്യം തിരക്കിയപ്പോൾ ഇച്ച കിണറിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഈസമയം അബ്ദുല്ല പള്ളിയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. പുറത്തുനിന്ന് മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അബ്‌ദുള്ള കിണറിലേക്ക് ചാടുകയായിരുന്നു. അപ്പോഴേക്കും അർമാൻ ഒരുതവണ മുങ്ങിപ്പൊങ്ങിയിരുന്നു. അർമാനെ ചേർത്തുപിടിച്ച് പൈപ്പിൽ തൂങ്ങിനിന്ന 67 കാരനെയും കുട്ടിയേയും സമീപവാസികളെത്തിയാണ് മുകളിലേക്ക് കയറ്റിയത്. കാലിന്‌ നേരിയ പരിക്കേറ്റതൊഴിച്ചാൽ കൊച്ചുമകനെ രക്ഷപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ്‌ അബ്‌ദുള്ളയും കുടുംബവും.

No comments