വരുന്നൂ വരയുൽസവം ; പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
പടന്നക്കാട്: പ്രീപ്രൈമറി കൂട്ടുകാരെ വരയുൽസവത്തിലേക്ക് നയിക്കാൻ ഒരുക്കം തുടങ്ങി.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ അംഗീകൃത പ്രീ സ്കൂളുകളിൽ സപ്തംബറിൽ നടത്തുന്ന വരയ്ക്ക് പ്രാധാന്യം നൽകുന്ന ഉത്സവത്തിൻ്റെ ഭാഗമായാണ് ജില്ലാതല പരിശീലനം സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷാ കേരളയുടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനർമാർ, സി ആർ സികോഡിനേറ്റർമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.കഴിഞ്ഞ മാസം നടന്ന കഥോത്സവത്തിൻ്റെ തുടർച്ചയായാണ് വരയുൽസവം സംഘടിപ്പിക്കുന്നത്.
പ്രീ പ്രൈമറികളുടെ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന് ഈ അധ്യയനവർഷം ആവിഷ്ക്കരിച്ച പത്ത് ഉത്സവങ്ങളിൽ രണ്ടാമത്തേതാണ് വരയുൽസവം. ഭാഷാ ശേഷികൾ, പ്രാഗ് ഗണിതശേഷികൾ, അനുഭവ പരിസരത്തെക്കുറിച്ചുള്ള ധാരണകൾ എന്നിവ ഉറപ്പിക്കാനാണ് ഈ ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രശസ്ത ചിത്രകാരനും ശില്പിയും നാടക സംവിധായകനുമായ സുരഭി ഈയക്കാട് പരിശീലനം ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ വി എസ് ബിജുരാജ് അധ്യക്ഷനായി . ജില്ലാ പ്രോഗ്രാം ഓഫീസർ കെ പി രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ എം എം മധുസൂദനൻ , ഹൊസ്ദുർഗ് ബി പി സി കെ വി രാജേഷ്, ട്രെയിനർ വി വി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ട്രെയിനർ പി രാജഗോപാലൻ,എം രോഷ്ന , ടി സുജി, പി പ്രകാശൻ, കെ ഉണ്ണികൃഷ്ണൻ എന്നിവരാണ് പരിശീലകർ.
No comments