വെള്ളരിക്കുണ്ട് പാത്തിക്കരയിലെ സദാനന്ദനും കുടുംബത്തിനും ഇനി സേവാഭാരതിയുടെ തണൽ
വെള്ളരിക്കുണ്ട്: അര്‍ഹതപ്പെട്ട സഹായം അധികൃതര്‍ നിഷേധിച്ച വെള്ളരിക്കുണ്ട് പാത്തിക്കര ആനമഞ്ഞളിലെ സദാനന്ദനും കുടുംബത്തിനും വീടൊരുക്കി സേവാഭാരതി. സേവാഭാരതി വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശനം സെപ്തംബര്‍ 10 ഞായറാഴ്ച നടക്കും. രാവിലെ 9.30ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി. ബാബു എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് താക്കോല്‍ കൈമാറും.
രണ്ട് ബെഡ്റും, ഹാള്‍, സിറ്റൗട്ട്, പൂജാമുറി, അടുക്കള, ബാത്ത്റൂം എന്നിവ ഉള്‍പ്പെടുന്നതാണ് വീട്. കിണറു പണിക്കിടെ വീണ് പരിക്കേറ്റ് പത്ത് വര്‍ഷത്തോളമായി ചികിത്സയിലാണ് സദാനന്ദന്‍. മരുന്ന് നിര്‍ത്തിയാല്‍ അണുബാധയുണ്ടാകുമെന്ന അവസ്ഥയാണ്. ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ഭാര്യ അംബിക തൊഴിലുറപ്പ് ജോലി ചെയ്താണ് രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. പത്ത് സെന്റ് ഭൂമിയിലെ പ്ലാസ്റ്റിക് പുതച്ച കൂരയിലാണ് താമസം.
ഇത്രയേറെ കഷ്ടപ്പാടുകള്‍ക്കിടയിലും പഞ്ചായത്ത് അധികൃതര്‍ അര്‍ഹതപ്പെട്ട വീട് കുടുംബത്തിന് നിഷേധിച്ചു. നിരവധി തവണ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു. ഇതിനിടെ മുന്‍ഗണന മറികടന്ന് മറ്റ് പലര്‍ക്കും വീട് നല്‍കുകയും ചെയ്തു. ജില്ലാ കലക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സേവാഭാരതി വീട് നിര്‍മ്മാണം ഏറ്റെടുത്തത്. പനത്തടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സഹായത്തോടെ വാങ്ങിയ പുതിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്.
No comments