Breaking News

മാനന്തവാടിയിൽ മാനിനെ പിടികൂടി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ നായാട്ടുകാരെ പിടികൂടി സംഘത്തിൽ വനം വകുപ്പ് ജീവനക്കാരനും


മാനന്തവാടി: വയനാട്ടില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന കേസുകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. മാനന്തവാടിക്കടുത്ത കുറുക്കന്‍മൂലയില്‍ മാനിനെ കെണിവെച്ച് പിടികൂടി മാംസം പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ വനംവകുപ്പ് പൊക്കി. കുറുക്കന്‍മൂല കളപ്പുരക്കല്‍ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചന്‍ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.


പിടിയിലാവരുടെ പക്കല്‍ നിന്നും 56 കിലോ ഇറച്ചിയും, കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച സാധന സാമഗ്രികളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബേഗൂര്‍ റെയിഞ്ചിന് കീഴില്‍ തൃശിലേരി സെക്ഷന്‍ പരിധിയിലെ താഴെ കുറുക്കന്‍മൂലക്ക് സമീപം തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപത്തെ വനമേഖലയിലാണ് കെണി വെച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് മാന്‍ കുടുങ്ങിയതെന്നാണ് കരുതുന്നത്.


കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശിലേരി വനം വകുപ്പ് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു. ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ.കെ. രാഗേഷ്, തൃശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍ എന്നിവരായിരുന്നു തെരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്.

No comments