Breaking News

അപൂർവമായ മേനിപ്പൊന്മാന്റെ സാന്നിധ്യം കാസർഗോഡ് മുളിയാർ വനമേഖലയിൽ കണ്ടെത്തി


ബോവിക്കാനം : അപൂർവമായ മേനിപ്പൊന്മാന്റെ സാന്നിധ്യം മുളിയാർ വനമേഖലയിൽ കണ്ടെത്തി. കുട്ടിയാനത്താണ് ബ്ലാക്ക്‌ ബാക്ക്‌ഡ്‌ പൊന്മാനെ ( ശാസ്ത്രനാമം: Ceyx Erithaca) കണ്ടത്‌. ജില്ലയിൽ കാണുന്ന ഏഴ് തരം പൊന്മാനിൽ പ്രധാനപ്പെട്ട ഒരിനമാണിത്. 2020 ലാണ് മേനിപ്പൊന്മാനെ അവസാനമായി കണ്ടെത്തിയതായി പക്ഷിനിരീക്ഷകരുടെ പ്ലാറ്റ്ഫോമായ ഇ- ബേഡേഴ്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 15 സെന്റിമീറ്ററിൽ താഴെ നീളമുണ്ട്. ഓറഞ്ച് നിറമുള്ള തലയിൽ ഇരുണ്ട വയലറ്റ് നിറത്തിൽ പൊട്ട് തൊട്ടതുപോലെയുള്ള അടയാളമുണ്ട്. കൊക്കിനും കാലിനും ചുവപ്പ് കലർന്ന ഓറഞ്ച് നിറം. തൊണ്ടയിലെ വെള്ള നിറമൊഴിച്ചാൽ ബാക്കി അടിഭാഗം മഞ്ഞ കലർന്ന ഇളം ഓറഞ്ച് നിറമാണ്. തിളങ്ങുന്ന കറുപ്പ് നിറമുള്ള ചിറകിൽ നീല നിറത്തിലുള്ള അരപ്പട്ട തെളിഞ്ഞു കാണാം. കുറിയ വാലിന്റെ പുറംഭാഗം തിളങ്ങുന്ന കറുപ്പ് നിറമാണെങ്കിലും തൂവൽ വിടർത്തിയിൽ ഇടയിൽ ഓറഞ്ച് നിറം തെളിഞ്ഞ് കാണാം.
കുഞ്ഞൻ പൊൻമാൻ, ചിന്നമുത്ത് പൊൻമാൻ, മൂന്ന് വിരലൻ കുഞ്ഞൻ പൊൻമാൻ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. പേരിൽ പൊൻമാൻ എന്നുണ്ടെങ്കിലും മീൻ പ്രധാന ഭക്ഷണമല്ല. മറിച്ച് ചെറുപ്രാണികളും പല്ലി, ചിലന്തി, ചെറുതവളകൾ എന്നിവയെയാണ് ഭക്ഷണമാക്കുന്നത്‌. കേരളത്തിൽ എവിടെയും ഇവയുടെ പ്രജനനം നടക്കുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശക്തമായ മഴക്കാലത്ത് കൊങ്കൺ കാടുകളിൽ പ്രജനനം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഇടതൂർന്ന കാടുകളിലെ തണലുള്ള കാട്, അരുവികൾ, നനവുള്ള
ഇലപൊഴിയും നിത്യഹരിത വനങ്ങളുമാണ് ഇതിന്റെ ഏറ്റവും പ്രിയപ്പെട്ട വിഹാരകേന്ദ്രങ്ങൾ. കാസർകോട് ബേഡേഴ്സ് ഗ്രൂപ്പ് അംഗവും പക്ഷിനിരീക്ഷകനുമായ ജയരാമൻ കുട്ടിയാനമാണ്‌ ഇതിനെ തിരിച്ചറിഞ്ഞത്‌.


No comments