Breaking News

ജില്ലാ സ്കൂൾ കായികമേള ഇന്നും നാളെയും നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്‌റ്റേഡിയത്തിൽ നടക്കും

നീലേശ്വരം : ജില്ലാ സ്കൂൾ കായികമേള വെള്ളി, ശനി ദിവസങ്ങളിൽ നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്‌റ്റേഡിയത്തിൽ നടക്കും.
ഏഴ്‌ ഉപ ജില്ലകളിൽനിന്ന് ആറ്‌ വിഭാഗങ്ങളിലായി 1500 കായിക താരങ്ങൾ പങ്കെടുക്കും. 86 ഇനങ്ങളിലാണ് മത്സരം. കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് മേളയ്ക്ക് ആതിഥ്യമരുളുന്നത്. 13 ന് രാവിലെ 10.30ന്‌ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയാവും. ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് വി എസ് അനുപ്രിയ, ഇന്ത്യൻ കബഡി ടീം കോച്ച് ഭാസ്കരൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. സമാപന സമ്മേളനം ശനി പകൽ 2.30ന്‌ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയാകും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ ജില്ലാ സ്പോർട്സ് കോ–- ഓർഡിനേറ്റർ കെ മധുസൂദനൻ, സ്കൂൾ പ്രിൻസിപ്പൽ ടി വി സുചിന ലക്ഷ്മി, പ്രധാനാധ്യാപകൻ എം മനോജ് കുമാർ, പി മോഹനൻ, ടി വി സുധീർ കുമാർ, കെ ടി റോയ് എന്നിവർ അറിയിച്ചു.


No comments