Breaking News

കായികകരുത്തിൽ മലയോരം ... ജില്ലാ സ്കൂൾ കായികമേളയിൽ ചിറ്റാരിക്കൽ ഓവറോൾ ചാമ്പ്യൻമാർ


നീലേശ്വരം : രണ്ടുദിവസമായി പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്കൂൾ കായികമേള സമാപിച്ചു.
234 പോയിന്റോടെ ചിറ്റാരിക്കാൽ ഉപജില്ല ചാമ്പ്യന്മാരായി. ചെറുവത്തൂരാണ്‌ രണ്ടാം സ്ഥാനത്ത്‌ (127). കാസർകോട്‌: 126, ഹൊസ്‌ദുർഗ്‌: 123, മഞ്ചേശ്വരം: 62, കുമ്പള: 58, ബേക്കൽ: 44 എന്നിങ്ങനെയാണ്‌ ഉപജില്ലകളുടെ പോയിന്റുനില.
സ്‌കൂളുകളിൽ പാലാവയലാണ്‌ ഏറെ മുന്നിൽ; 170 പോയിന്റ്‌. ദുർഗ കാഞ്ഞങ്ങാട്‌: 57, ചീമേനി: 39, പരവനടുക്കം എംആർഎച്ച്‌എസ്‌: 38, കുട്ടമത്ത്‌: 37, ചായ്യോത്ത്‌: 31, ബന്തടുക്ക: 30 എന്നിങ്ങനെ പോയിന്റ്‌ നേടി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ കെ വി സുജാത, കാസർകോട് ഡിഡിഇ, എൻ നന്ദികേശൻ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, കെ പ്രഭാകരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ടി റോയി എന്നിവർ സംസാരിച്ചു.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ സ്വാഗതവും ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എൻ എം ഷുക്കൂർ നന്ദിയും പറഞ്ഞു. ബങ്കളം കക്കാട്ട് ഗവ ഹയർ സെക്കൻഡറി സ്കൂളാണ് മേളക്ക്‌ ആതിഥ്യമരുളിയത്.

പാലാവയലാണ്‌ ശരിക്കും താരം
സീനിയർ, ജൂനിയർ ആൺ, പെൺ വിഭാഗങ്ങളിൽ കൂടുതൽ വ്യക്തിഗത നേട്ടങ്ങൾ കൊയ്ത് താരമായത്‌ പാലാവയൽ സെന്റ്‌ ജോൺസ് എച്ച്എസ്എസ്. സീനിയർ വിഭാഗത്തിൽ 3000, 1500, 800 മീറ്ററിൽ സ്വർണ്ണം നേടി സെന്റ്‌ ജോൺസ് പാലാവയലിലെ എം ഇജാസ് ചാമ്പ്യനായി. 100 മീറ്റർ, 110 മീറ്റർ ഹർഡിൽസ്, ലോംഗ്ജംപ്‌ സ്വർണവും നേടി ആൽബിൻ ആന്റണി ദേവസ്യയും ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി.
സീനിയർ പെൺകുട്ടികളിൽ 200 മീറ്റർ, 100 മീറ്റർ സ്വർണവും 400 മീറ്ററിൽ വെളളിയും നേടി ചീമേനിയി ജിഎച്ച്‌എസ്‌എസിലെ സി ദിയയും 400 മീറ്റർ ഹാർഡിൽസിലും 400 മീറ്ററിലും സ്വർണവും, 100 മീറ്റർ ഹർഡിൽസിൽ വെള്ളിയും നേടി സെന്റ്‌ ജോൺസ് പാലാവയലിലെ ആൻ മരിയ ജെയിംസും, 3000, 1500, സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി പരവനടുക്കം ജിഎംആർഎച്ച്എസ് ഫോർ ഗേൾസിലെ എ അരുണിമയും ചാമ്പ്യൻപട്ടം പങ്കിട്ടു.
ജൂനിയർ പെൺകുട്ടികളിൽ 3000, 1500, 800 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി സെന്റ്‌ ജോൺ പാലാവയലിലെ നിയാ മോൾതോമസ് വ്യക്തിഗത ചാമ്പ്യനായി. ജൂനിയർ ആൺ കുട്ടികളിൽ 400 മീറ്റർ ഹർഡിൽസ്, 800 മീറ്റർ എന്നിവയിൽ സ്വർണവും 400 മീറ്റിൽ വെങ്കലവും നേടി സെന്റ്‌ ജോൺസിലെ സംഗീത് എസ് നായറും 200 ൽ സ്വർണവും, 400, 100 ൽ വെങ്കലവും നേടി സെന്റ്‌ ജോൺസ് പാലാവയലിലെ എ ജി മുഹമ്മദ് ജസിറും ചാമ്പ്യന്മാരായി.
സബ് ജൂനിയർ വിഭാഗത്തിൽ ആൺ കുട്ടികളിൽ 400, 200 മീറ്ററിൽ സ്വർണവും, 100 മീറ്ററിൽ വെങ്കലവും നേടി ബന്തടുക്ക ജിഎച്ച്‌എസ്എസിലെ കെ എൽ ജിതിൻ ചാമ്പ്യനായി. സബ് ജൂനിയർ പെൺകുട്ടികളിൽ കാഞ്ഞങ്ങാട് ദുർഗയിലെ എസ് കെ ശ്രീലക്ഷ്മി 100, 200 മീറ്ററിൽ സ്വർണവും ലോംങ്‌ ജംബിൽ വെള്ളിയും നേടി ചാമ്പ്യൻപട്ടം കൊയ്തു.

No comments