Breaking News

കാഞ്ഞിര മരം ഇനി മുതൽ ജില്ലാവൃക്ഷം ‌. പെരിയ പോളത്താളിയെ ജില്ലാ പുഷ്പം വെള്ള വയറൻ കടൽപരുന്ത് ജില്ലാ പക്ഷി പാലപ്പൂവൻ ആമ ജില്ലാജീവി


എരിഞ്ഞിപ്പുഴ : കാഞ്ഞിര മരം ഇനിമുതൽ ജില്ലാ വൃക്ഷമാണ്‌. പെരിയ പോളത്താളിയെ ജില്ലാ പുഷ്പമായും വെള്ള വയറൻ കടൽപ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവൻ ആമയെ ജില്ലാജീവിയായും പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തിൽ പൊലിയംതുരുത്ത്‌ ഇക്കോ വില്ലേജിൽ സംഘടിപ്പിച്ച ജൈവവൈവിധ്യ പുരസ്കാര വിതരണ വേദിയിലാണ് ജില്ലാ സ്പീഷിസ് പ്രഖ്യാപനം നടത്തിയത് .
കേരള ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ പ്രഖ്യാപനം നടത്തി. ജില്ലയിൽ അടിയന്തരമായി സംരക്ഷിക്കേണ്ട ഇനങ്ങളായതിനാലാണ്‌ ഇവയെ ജില്ലാ സ്പീഷിസുകളായി പ്രഖ്യാപിച്ചത്.

ജൈവ വൈവിധ്യ പുരസ്കാരം നൽകി
എരിഞ്ഞിപ്പുഴ
ജില്ലയിൽ മികച്ച ജൈവവൈവിധ്യ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള പുരസ്‌കാരം മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണം ചെയ്‌തു. എരിഞ്ഞിപ്പുഴ പൊലിയംതുരുത്ത്‌ ഇക്കോ വില്ലേജിൽ നടന്ന പരിപാടിയിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തിലാണ് ജൈവവൈവിധ്യ പുരസ്കാര വിതരണവും ശിൽപശാലയുംസംഘടിപ്പിച്ചത്. മൂന്ന് വ്യക്തിഗത പുരസ്കാരം ഉൾപ്പെടെ ഏഴ് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകിയത്.
ഹരിതവ്യക്തി നീലേശ്വരം കടിഞ്ഞിമൂലയിലെ പി വി ദിവാകരൻ, പ്രത്യേക പരാമർശം പള്ളിക്കര പനയാലിലെ കെ വി അഭയ്‌, പക്ഷി-ജന്തു സംരക്ഷകൻ ഹരിദാസ് പെരിയ, ജീനോ സേവ്യർ കണ്ണാലയം നാരായണൻ, രവീന്ദ്രൻ കൊടക്കാട്, മികച്ച ഹരിതവിദ്യാലയം ബേക്കൽ ജിഎഫ്എച്ച്എസ്എസ്, ജിയുപിഎസ്‌ പാടിക്കീൽ, ഹരിതകലാലയം കാസർകോട് ഗവ. കോളേജ്‌, ജൈവവൈവിധ്യ പരിപാലന സമിതി തൃക്കരിപ്പൂർ, വലിയപറമ്പ് പഞ്ചായത്തുകൾ, മികച്ച സർക്കാരിതര സംഘടന പുലരി അരവത്ത്‌ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
മഞ്ചേശ്വരം ഇഡിസി ഡോ. രമേശ് പരിസ്ഥിതി സൗഹൃദ കൃഷി സാധ്യതകൾ എന്ന വിഷയത്തിലും ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ജൈവവൈവിധ്യ സംരക്ഷണം ബിഎംസിയുടെ പങ്ക് എന്ന വിഷയത്തിലും ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ വിശിഷ്ടാതിഥിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ ശകുന്തള എം മനു, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ടി രാജേഷ്, ടി എം സുസ്മിത, ഡോ. കെ എ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി സ്വാഗതവും ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ വി എം അഖില നന്ദിയും പറഞ്ഞു.


No comments