Breaking News

ശങ്കർ റാവു ചവാൻ ആശുപത്രിയിൽ ഏഴ് രോഗികൾക്ക് കൂടി ജീവൻ നഷ്ടമായി; രണ്ട് ദിവസത്തിനിടെ മരിച്ചത് 31പേര്‍



ഡല്‍ഹി: മഹാരാഷ്ട്രയിലെ ശങ്കർ റാവു ചവാൻ ആശുപത്രിയിൽ ഏഴ് രോഗികൾക്ക് കൂടി ജീവൻ നഷ്ടമായി. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 31 ലേക്ക് ഉയർന്നു. ആശുപത്രിയിൽ മരുന്ന് ക്ഷാമം ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്.


നന്ദേഡയിലെ ശങ്കർ റാവു ചവാൻ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. 16 നവജാത ശിശുക്കൾ അടക്കം 31 പേർക്കാണ് രണ്ട് ദിവസത്തിനിടെ ജീവൻ നഷ്ടമായത്. മരുന്നുകളുടെ അഭാവും ജീവനക്കാർ ഇല്ലാത്തതുമാണ് പ്രതിസന്ധി എന്ന് ഇന്നലെ പറഞ്ഞ ആശുപത്രി അധികൃതർ സംഭവം വിവാദമായതിന് പിന്നാലെ നിലപാട് മാറ്റി. മരുന്നുകളുടെ കുറവ് ഉണ്ടായിരുന്നില്ല എന്നും ആശുപത്രിയിൽ എത്തിയ രോഗികൾ ഗുരുതരാവസ്ഥയിൽ ആയിരുന്നു എന്നുമാണ് അധികൃതരുടെ പുതിയ വിശദീകരണം. രോഗികൾക്ക് കൃത്യമായ പരിചരണം നൽകി. അവരുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല എന്ന് ആശുപത്രി ഡീൻ പറഞ്ഞു. മരുന്നിന്റെയോ ഡോക്ടർമാരുടെയോ ക്ഷാമം ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചതായും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രി ഹസൻ മുഷ്രിഫ് അറിയിച്ചു.


സംഭവത്തിൽ ആശുപത്രിക്കും മഹാരാഷ്ട്ര സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷത്തിന് ഭാഗത്ത് നിന്നും ഉയരുന്നത്. രോഗികൾ മരിച്ച സംഭവം സർക്കാരിന്റെ പരാജയം എന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ വിമർശിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

No comments