Breaking News

മുള കൊണ്ടുള്ള കൂട്ടകളും മുറങ്ങളും ഉണ്ടാക്കുന്നതിൽ അസാമാന്യ കൈവഴക്കവുമായി എണ്ണപ്പാറയിലെ പതിനൊന്നുകാരൻ മഹാദേവ്


എണ്ണപ്പാറ: കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡ് പ്രദേശമായ എണ്ണപ്പാറയിലെ ഊര് നിവാസികളുടെ കണ്ണിലുണ്ണിയാണിന്ന് ഇളമുറക്കാരനായ മഹാദേവ്. കൂലിപ്പണിക്കാരനായ മനോജിന്റെയും വീട്ടമ്മയും കലാകാരിയുമായ സരിതയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായ ഈ പതിനൊന്നുകാരന്‍ തായന്നൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. അദ്ധ്യാപകര്‍ക്കെല്ലാം പ്രിയങ്കരനായ ഒന്നാം റാങ്കുകാരന്‍. കുട്ടിത്തം വിട്ട് മാറിയിട്ടില്ലെങ്കിലും മഹാദേവിന്റെ കരവിരുതിന് പത്തര മാറ്റാണ്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, പലതും കാണാനും പഠിക്കാനുമുള്ള താത്പര്യം ഇവനില്‍ കുഞ്ഞുനാളിലെ പ്രകടമായിരുന്നു. വളരുന്തോറും അത് കൂടുതല്‍ തെളിഞ്ഞു വന്നു.

അയല്‍ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവും തെയ്യം ഉപാസകനുമായ എരയി വല്ല്യച്ഛനായിരുന്നു മഹാദേവിന്റെ ഏറ്റവും വലിയ കൂട്ട്. കുലത്തൊഴിലിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തില്‍ നിന്ന് തന്നെയാണ് മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ബാലപാഠങ്ങള്‍ ഓരോന്നും ഇവന്‍ പഠിച്ചെടുത്തതും.

വല്ല്യച്ഛന്റെ മരണശേഷം മകന്‍ അമ്പുവിന്റെ കീഴിലായി പരിശീലനം. കൂട്ടുകാര്‍ കൂട്ടം കൂടി കളിക്കുമ്പോഴെല്ലാം പരമ്പരാഗത തൊഴിലിലെ പുതിയ പാഠങ്ങള്‍ സൗകൂതം കണ്ടും കേട്ടും പഠിക്കുകയാകും ഈ കുട്ടി. ഇന്നിപ്പോള്‍ മുള കൊണ്ടുള്ള കൂട്ടകളും അരിപ്പകളും മുറങ്ങളും, തെങ്ങോല കൊണ്ടുള്ള പായകളും കമനീയമായി മെടഞ്ഞെടുക്കുന്നതില്‍ അസാമാന്യ വേഗതയും കൃത്യതയുമുള്ള പ്രതിഭയാണ് മഹാദേവ്. അവസരം വരുമ്പോഴെല്ലാം മാതൃ പിതാവ് രാഘവനും വഴി കാട്ടിയാകും.


ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ മാത്രമല്ല, അടുത്തുള്ള കാട്ടില്‍ ചെന്ന് ആവശ്യമായ മുളകള്‍ വെട്ടിയെടുക്കുന്നതിലും കീറുകളാക്കി ചീകി ഒരുക്കന്നതിലുമെല്ലാം ്അത്യുത്സാഹിയാണ് മഹാദേവ്. ആധൂനീകതയുടെ കുത്തൊഴുക്കിലും അത്രകണ്ട് അപ്രത്യക്ഷമാകാതെ അവശേഷിക്കുന്ന ഗൃഹാതുരമായ ഗോത്രക്കാഴ്ച്ചയാണിത്.


പച്ചോല കൊണ്ട് കരകൗശലങ്ങളും കടലാസ് കൊണ്ട് അലങ്കാരങ്ങളും അനായാസേന ഉണ്ടാക്കിയും മഹാദേവ് ആളുകള്‍ക്ക് കൗതുകം പകരാറുണ്ട്. ഇവിടെയും തീരുന്നില്ല ഇവന്റെ മികവ് . വയലിന്‍ വായനയിലും വിരുതനാണിവന്‍.

മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളുമാണ് ഈ കുഞ്ഞു കലാകാരന്റെ ഏറ്റവും വലിയ പിന്തുണ. വിദ്യാര്‍ത്ഥികളായ മൂത്ത സഹോദരന്‍ കാശിനാഥും കുഞ്ഞനുജത്തി ശിവലയയും കട്ടയ്ക്ക് കൂടെയുണ്ട്. തായന്നൂര്‍ സ്‌ക്കൂളിലെ പ്രധാനാദ്ധ്യാപകന്‍ സൈനുദ്ദീനും അദ്ധ്യാപികയായ സിജിയും മറ്റുള്ളവരും നല്‍കുന്ന പ്രോത്സാഹനവും പഠനത്തിലെന്ന പോലെ പഠനേതര പ്രവര്‍ത്തനങ്ങളിലെയും മികവില്‍ മിത ഭാഷിയായ മഹാദേവിന് വലിയ മുതല്‍ക്കൂട്ടായി മാറുന്നു.

No comments