Breaking News

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു


കോഴിക്കോട്: മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിർമ്മാതാവുമായ പി വി ​ഗം​ഗാധരൻ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് മെട്രോ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ​ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ അ​ദ്ദേഹം നിർമ്മിച്ചു. 20 ഓളം സിനിമകള്‍ അദ്ദേഹം നിർമ്മിച്ചു. അങ്ങാടി, അഹിംസ തുടങ്ങിയ ഐ വി ശശി സിനിമകളുടെ നിർമ്മാതാവാണ്. വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഹരിഹരൻ ചിത്രങ്ങളുടെയും നിർമ്മാതാവായിരുന്നു. അച്ചുവിന്റെ അമ്മ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.


മികച്ച സിനിമകളുടെ നിർമ്മാതാവെന്ന നിലയിൽ പി വി ​ഗം​ഗാധരൻ ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കി. 2000 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ശാന്തം നിർമ്മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആയിരുന്നു. 2011 ൽ കോഴിക്കോട് നോർത്തിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. നിർമാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു പി വി ഗംഗാധരൻ.


1943 ൽ കോഴിക്കോടാണ് പി വി ​ഗം​ഗാധരൻ ജനിച്ചത്. കെഎസ് യു പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി. പി വി ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് മക്കൾ.

No comments