കേരളീയം 2023 പാചക മത്സരം സംഘടിപ്പിച്ചു എസ്ടിഎസ് കാസർകോട് വിജയികളായി സൽക്കാര മടിക്കൈ റണ്ണേഴ്‌സ്
നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചരണാര്‍ത്ഥം ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ലോക ഭക്ഷ്യ ദിനത്തില്‍ സംഘടിപ്പിച്ച കേരളീയം 2023 പാചക മത്സരത്തില്‍ എസ്.ടി.എസ് കാസര്‍കോട് വിജയികളായി സല്‍ക്കാര മടിക്കൈ രണ്ടാം സ്ഥാനവും, ഇശല്‍ കാസര്‍കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കളക്ടറേറ്റ് കോമ്പൗണ്ടില്‍ നടന്ന പാചകമത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി. ജില്ലയിലെ മികച്ച 10 കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകകള്‍ തമ്മിലാണ് മത്സരം കാഴ്ചവെച്ചത്. ഒരു മണിക്കൂര്‍ 15 മിനിറ്റില്‍ നെയ്പത്തല്‍, ചിക്കന്‍ സുക്ക, ചിക്കന്‍ കട്‌ലറ്റ് എന്നിങ്ങനെ മൂന്ന് വിഭവങ്ങളാണ് ഇവര്‍ മത്സരത്തിനായി തയ്യാറാക്കിയത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്.ടി.എസ് കാസര്‍കോടിന് 5000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തിപത്രവും, കേരളീയം 2023, സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പാചക മത്സരത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും ലഭിച്ചു. രണ്ടാം സ്ഥാനത്തിന് അര്‍ഹരായ സല്‍ക്കാര മടിക്കൈക്ക് 2500 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തി പത്രവും ലഭിച്ചു. മത്സരത്തില്‍ പങ്കെടുത്ത മറ്റു ടീമുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. കുടുംബശ്രീ സംസ്ഥാന പരിശീലന കേന്ദ്രം അല്‍ഫ്രാനിലെ ഫാക്കല്‍റ്റികളായ കെ.അനീഷ് കുമാര്‍, സജിത്, കിരണ്‍ എന്നിവരാണ് വിജയികളെ നിര്‍ണയിച്ചത്. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂധനന്‍, കുടുംബശ്രീ എ.ഡി.എം.സി ഹരിദാസ് ജില്ലാ ട്രഷറി അസി. ഓഫീസർ ഒ.ടി. ഗഫൂർ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
No comments