പാമത്തട്ട് ക്വാറി; പാരിസ്ഥിതികാനുമതി അസാധുവായി
കൊന്നക്കാട്: കോട്ടഞ്ചേരി പാമത്തട്ടിൽ കരിങ്കൽ ക്വാറി നടത്തുന്നതിന് 2018 ഏപ്രിലിൽ മാനേജ്മെന്റിന് ലഭിച്ച പരിസ്ഥിതികാനുമതി പ്രായോഗികമായി റദ്ദായി. ഡിസ്ട്രിക്റ്റ് എൻവയോൺമെൻ്റ് ഇംപാക്റ്റ് അസ്സസ്സ്മെൻറ് അതോറിറ്റിയാണ് 2018-ൽ പരിസ്ഥിതികാനുമതി നൽകിയത്. എന്നാൽ പിന്നീടു് ഗ്രീൻ ട്രൈബ്യൂണൽ ഈ ജില്ലാതല സംവിധാനത്തെ പിരിച്ചുവിടുന്ന തീരുമാനമെടുത്തു. അതിൻ്റെ ചുവടുപിടിച്ച് ഇക്കഴിഞ്ഞ എപ്രിൽ 28 ലെ സർക്കാർ ഉത്തരവനുസരിച്ച് 2016 ജനുവരി 15 നും 2018 സെപ്റ്റംമ്പർ 18 നുമിടയിൽ പാരിസ്ഥിതികാനുമതി ലഭിച്ചതും എന്നാൽ പ്രവർത്തനം തുടങ്ങാത്തതുമായ ക്വാറികളുടെ പാരിസ്ഥിതികാനുമതികൾക്ക് സ്റ്റേറ്റ് എൻവയോൺമെൻ്റ് ഇംപാക്ട് അസ്സസ്സ്മെൻറ് അതോറിറ്റിയുടെ വിലയിരുത്തലിന് വിധേയമായേ നിലനിൽപ്പുള്ളു. അതനുസരിച്ച് പാമതട്ടു് ക്വാറിക്കു് വീണ്ടും പാരിസ്ഥിതികാനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 8, 9 തിയതികളിൽ ചേർന്ന സ്റ്റേറ്റ് അതോറിട്ടി തീരുമാനമെടുത്തു. അതോടെ നിലവിലുണ്ടായിരുന്ന പാരിസ്ഥിതികാനുമതി പ്രായോഗികമായി കാലഹരണപ്പെട്ടു..2018ൽ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടും ക്വാറി പ്രവർത്തനമാരംഭിക്കാൻ കഴിയാതിരുന്നത് ശക്തമായ ജനകീയ സമരത്തിൻ്റെയും പരാതികളുടെയും ഫലമായി എക്സ്പ്ളോസീവ് ലൈസൻസിനുളള അനുമതി മൂന്നു തവണ കളക്ടർ നിഷേധിച്ച പശ്ചാത്തലത്തിലാണ് .നിയമപരമായ ഒരു പഴുതിൻ്റെ മറവിൽ മൂവാറ്റുപുഴക്കടുത്തുള്ള ഒരു ക്വാറിയുടെ എക്സ്പ്ളോസീവ് ലൈസൻസുപയോഗപ്പെടുത്തി പാമത്തട്ടിൽ ക്വാറി പ്രവർത്തനമാരംഭിക്കാനുള്ള ലൈസൻസ് സമ്പാദിച്ച് മുന്നോട്ടു പോയപ്പോൾ അതിനെതിരെ സമരസമിതി ഹൈക്കോടതിയിൽ കൊടുത്ത കേസ് പരിഗണനയിലിരിക്കയാണ്.ഇതിനിടയിലാണ് പാരിസ്ഥിതികാനുമതി തന്നെ പ്രായോഗികമായി അസാധുവായിരിക്കുന്നത്. സ്റ്റേറ്റ് എൻവയോൺമെൻ്റ് അസ്സസ്മെൻ്റ് അതോറിട്ടിയിൽ പാരിസ്ഥിതികാനുമതി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സമര സമിതി നേതാക്കളായ റിജോഷ് എം.ജെയും ബിജു ജോസും നേരത്തെ നൽകിയിരുന്ന പരാതി ഈ വർഷം മാർച്ച് 13, 14 തിയതികളിൽ ചേർന്ന അതോറിട്ടി യോഗം പരിഗണിക്കുകയും ലൈസൻസ് ഉടമയോടു് വിശദീകരണം ചോദിക്കയും ചെയ്തിരുന്നു. വീണ്ടും പാരിസ്ഥിതികാനുമതിക്കായി അപേക്ഷ സമർപ്പിക്കപ്പെട്ടാൽ അതിൻ്റെ പരിഗണനാ പ്രക്രിയകൾക്കിടയിൽ സമരസമിതിയുടെ പരാതിയിലെ വാദഗതികളും അത് സംബന്ധിച്ച് സ്റ്റേറ്റ് അതോറിറ്റി വിദഗ്ദ സമിതി നൽകിയ പഠന റിപ്പോർട്ടും ,ജില്ലാ കലക്ടർ എക്സ്പ്ളോസീവു് ലൈസൻസിനുള്ള അനുമതി നിഷേധിച്ചതിൻ്റെ അടിസ്ഥാനമായ വിവിധ ഡിപ്പാർട്ടുമെൻറുകളുടെ പഠന റിപ്പേർട്ടുകളും കണക്കിലെടുത്തേക്കാം. സ്റ്റേറ്റ് അതോറിറ്റിയുടെ ആഗസ്റ്റ് 8 ലെ തീരുമാനത്തോടെ സമരസമിതിയുടെ നിയമ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും കൂടുതൽ ഊർജ്ജവും സാവകാശവും ലഭിച്ചിരിക്കയാണെന്ന് കോട്ടഞ്ചേരി പാമത്തട്ടു് സംരക്ഷണ സമിതി ചെയർമാൻ ജിജോ പി.മാനുവൽ പറഞ്ഞു
No comments