കുട്ടിക്കാലത്തേക്ക് മനസ് തിരികെ .... തിരികെ സ്‌കൂളിലേക്ക് പദ്ധതിയുടെ ഭാഗമായി മടക്കര ഹാർബറിൽ കൊത്തം കല്ല് മത്സരം സംഘടിപ്പിച്ചു
ചെറുവത്തൂർ പഞ്ചായത്തും 15–ാം വാർഡ് കുടുംശ്രീ എഡിഎസും സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് പരിപാടിയുടെ ഭാഗമായി മടക്കര ഹാർബറിൽ നടത്തിയ പരിപാടിയിലാണ് പ്രായംചെന്നവരൊക്കെ ഭൂതകാല ഓർമകളിലേക്ക് തിരിച്ചുപോയത്. പ്രായ ഭേദമെന്യേ എല്ലാവരും പരിപാടിയിലേക്ക് ഒഴുകിയെത്തി കൊത്തങ്കല്ല്, പട്ടം പറത്തൽ മത്സരങ്ങളിൽ പങ്കാളികളായി. ലക്ഷ്‌മിയമ്മയും ചെമ്മരത്തിയമ്മയും സുബൈദയുമൊക്ക കൊത്തങ്കല്ലിൽ വാശിയോടെ മത്സരിച്ചപ്പോൾ കൂടിനിന്നവരുടെ ആവേശവും വാനോളമുയർന്നു. വിജയിക്കുക എന്ന ലക്ഷ്യമായിരുന്നില്ല ഇവരുടെ മനസിൽ. വഴി പിരിഞ്ഞുപോയ ബാല്യകാലത്തിലെ കൂട്ടുകാർ ഒരുമിച്ചിരുന്ന് സൊറ പറയുന്നതിന്റെയും കളികളിലേർപ്പെടുന്നതിന്റെയും സന്തോഷം മാത്രമായിരുന്നു മനസിൽ. പുഴയും കടലും ചേരുന്ന മടക്കര ഹാർബറിൽ പട്ടം പറത്തൽ മത്സരം അരങ്ങേിയപ്പോഴും ചിന്ത മറ്റൊന്നായിരുന്നില്ല. മനസിലെ സന്തോഷം പോലെ ആകാശ നീലിമയിൽ പട്ടം വട്ടമിട്ട് പറന്നു.
കാറ്റിന്റെ ദിശക്കനുസരിച്ച് ദിശയില്ലാതെ പറന്ന പട്ടങ്ങളെ നിയന്ത്രിക്കാൻ ഇവരുടെ വിരലുകളൊന്നാകെ ചലിക്കുന്ന കാഴ്‌ചയും മനോഹരമായി. കാടങ്കോട് ഗവ. സ്‌കൂളിലേക്ക് കാടങ്കോട് അസിനാർ മുക്കിൽ നിന്നും ഘോഷയാത്രയായാണ് എത്തിയത്. സ്‌കൂളിലെ കളികളും പുത്തൻ പഠനവും ആസ്വദിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ അവർ ഒരു ചാദ്യമേ ചോദിച്ചുള്ളൂ. ഇനി എന്നാണ് ഞങ്ങൾ സ്‌കൂളിൽ എത്തേണ്ടത്.... ?
No comments