Breaking News

പനത്തടി സഹകരണ ബാങ്കിന്‌ കീഴിൽ പുതുതായി ആരംഭിച്ച പോത്ത്കൃഷി ബാങ്കിന്റെ പൂടംകല്ല് ഹെഡ് ഓഫീസിനോടു ചേർന്നുള്ള സ്ഥലത്ത് കെട്ടിയുണ്ടാക്കിയ കൂട്ടിലാണ്‌ പോത്ത്‌ കൃഷി


രാജപുരം : സാമ്പത്തിക ഇടപാടിനൊപ്പം പുതിയ കൃഷിരീതിയും പരീക്ഷിക്കുകയാണ് പനത്തടി സഹകരണ ബാങ്ക്. ജില്ലയിൽ മറ്റൊരു സഹകരണസ്ഥാപനവും കൈവെക്കാത്ത പോത്ത്കൃഷിയിലാണ്‌ പനത്തടി ബാങ്കും ഒരുകൈനോക്കുന്നത്‌. 15 പോത്തുകളെ ഇറക്കിയാണ് പുതിയ കൃഷിരീതിയുടെ തുടക്കം.
മലയോരത്തെ കർഷകർക്ക് താങ്ങും തണലുമായി മാറിയ ബാങ്ക് 76ാം വാർഷികത്തിലെത്തിനിൽക്കുമ്പോഴാണ്‌ കാർഷിക മേഖലയിലേക്ക് പുതിയ ഇടപെടൽ. ആദ്യഘട്ടത്തിൽ കാർഷികനേഴ്സറി ആരംഭിച്ച് വിജയഗാഥ തീർത്ത ബാങ്ക് പണമിടപാടുകൾക്ക് ഒപ്പം പോത്ത് കൃഷിയിൽ പുതിയപാത തേടുകയാണ്. കർഷകർക്ക് ജൈവവളം നൽകുകയെന്ന ലക്ഷ്യത്തോടെ പോത്തുകളെവളർത്തി ലാഭം നേടാൻ ഒരുങ്ങുകയാണ് ഈ സ്ഥാപനം. ബാങ്കിന്റെ പൂടംകല്ല് ഹെഡ് ഓഫീസിനോടുചേർന്നുള്ള സ്ഥലത്ത് കെട്ടിയുണ്ടാക്കിയ കൂട്ടിലാണ്‌ പോത്ത്‌ കൃഷി. ഈ കൂട്ടത്തിൽ ഒരു എരുമയും ഉണ്ട്.
1947-ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക്‌ വ്യത്യസ്തമായ നിരവധി സംരംഭങ്ങൾ ആരംഭിച്ച് വിജയിപ്പിച്ചിട്ടുണ്ട്‌. പോത്ത് ജൈവവള വിപണിയുടെ സാധ്യത മുൻനിർത്തി 11 മാസം മുമ്പാണ് പുതിയ പദ്ധതി ആരംഭിച്ചത്. ആറു മാസം പ്രായമുള്ള പോത്തിൻകുട്ടികളെയാണ്‌ ഇവിടെ കൊണ്ടുവന്നത്. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ ഇവരുടെ പരിപാലനത്തിനുണ്ട്‌. ഇതിനകം ജൈവവളം വിൽപ്പനയും ആരംഭിച്ചു. ബാങ്കിന്റെ സ്ഥലത്ത് വിവിധയിനം കാർഷിക വിളകളും, പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
ഇതോടൊപ്പം ബാങ്ക് നീതി മെഡിക്കൽ, ഇലക്ട്രിക്കൽസ് ഷോപ്പ്, മെഡിക്കൽ ലാബ്, മണ്ണ് പരിശോധന ലാബ്, കാർഷിക നേഴ്‌സറി, വളം ഡിപ്പോ, ഹോം അപ്ലയൻസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. ഷാലുമാത്യു പ്രസിഡന്റും, ഡി ദീപുദാസ് സെക്രട്ടറിയുമായ ഭരണസമിതിയാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം വഹിക്കുന്നത്. ഹെഡ് ഓഫീസ് ബ്രാഞ്ച്‌ ഉൾപ്പെടെ 11 ബ്രാഞ്ചുകൾ ബാങ്കിനുണ്ട്‌.


No comments