Breaking News

വികസ നേട്ടം കുറിക്കാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സങ്കൽപ് സപ്താഹിന് വിജയകരമായ സമാപനം


പരപ്പ: വിവിധ മേഖലകളിൽ വികസന കാഴ്ചപ്പാടിന്റെ പുത്തൻ അധ്യായം രചിച്ചു കൊണ്ടാണ് പരപ്പ ബ്ലോക്കിൽ നീതി ആയോഗിന്റെ സങ്കൽപ് സപ്താഹിന് സമാപനമാകുന്നത്. 

നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി  ബ്ലോക്കില്‍  ഒക്ടോബര്‍ മൂന്ന് മുതല്‍ ഓരോ ദിവസവും വിവിധ വകുപ്പുകള്‍ ബ്ലോക്ക് കേന്ദ്രീകരിച്ചും ബ്ലോക്കിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും നടത്തിയ പരിപാടികളും പ്രവര്‍ത്തനങ്ങളും ബ്ലോക്കിന്റെ വികസന കാഴ്പ്പാടിന് മികവേകി.

ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച സങ്കല്‍പ്പ് സപ്താഹില്‍ ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ശുചിത്വമിഷന്‍, വനിതാശിശുവികസനം, വ്യവസായം എന്നീ വകുപ്പുകള്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെച്ചത്. ആരോഗ്യ വകുപ്പിന്റെ വിവിധ രോഗങ്ങളുടെ നിര്‍ണയത്തിനായുള്ള സൗജന്യ ആരോഗ്യ ക്യാമ്പ് ക്ഷയരോഗ ബോധവല്‍കരണ റാലി, പോഷക ഭക്ഷണങ്ങളുടെ പ്രദര്‍ശനം, ശുചിത്വ മിഷന്റെ നേൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബോധവല്‍കരണ ക്ലാസുകള്‍, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ ശാക്തീകരണ ക്ലാസുകള്‍ , വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ മത്സരങ്ങള്‍, വനിതാ ശിശു വികസന വകുപ്പിന്റെ പോഷണ്‍ മേള, അങ്കണ്‍വാടി കുട്ടികളുടെ ആരോഗ്യ പരിശോധന, കര്‍ഷകര്‍ക്കായി കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ ക്ലാസുകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ സാമ്പിളുകളുടെ പരിശോധന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ഇ-കൊമേഴ്‌സ്, തുടങ്ങി വ്യവസായ വാണിജ്യ രംഗത്തെ പുത്തന്‍ ചുവടുവെപ്പുകളും കുടുംബശ്രീ സംരംഭക്ത്വ വികസനവും പരിചയപ്പെടുത്തി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധരുടെ ക്ലാസുകള്‍, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയൊക്കെ സങ്കല്‍പ്പ് സപ്താഹിന്റെ ഭാഗമായി സംഘടിപ്പിച്ചു.


വിവിധ മേഖലകളിലെ വികസന സൂചികകള്‍ മെച്ചപ്പെടുത്തുന്നതിനാണ് നീതി ആയോഗ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിലൂടെ രാജ്യത്തെ 500 ബ്ലോക്ക് പഞ്ചായത്തുകള്‍ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ജില്ലയില്‍ നിന്ന് ഇടംപിടിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം , ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, ജില്ലാ, ബ്ലോക്ക്തല ജനപ്രതിനിധികള്‍, തെരഞ്ഞെടുത്ത വകുപ്പുകളുടെ ജില്ലാതല,ജില്ലാതല ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ എന്നിവര്‍ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.

No comments