Breaking News

പരപ്പ ബ്ലോക്ക് സങ്കൽപ്പ് സപ്താഹ് നാലാം ദിനം കൃഷിക്കാരുടെ സംഗമമൊരുക്കി "കൃഷി മഹോത്സവ് "


പരപ്പ: നീതി ആയോഗിന്റെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്കിൽ നടക്കുന്ന സങ്കൽപ്പ് സപ്താഹിന്റെ നാലാം ദിനം കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ കൃഷി മഹോത്സവ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇ.ചന്ദ്രശേഖരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിക്കാനും സംഭരിക്കാനും സംസ്കരിക്കാനും വിപണിയിലെത്തിക്കുന്നതിനും ദേശീയ സംസ്ഥാന തലത്തിൽ പ്രത്യേക നയം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. 


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ , അംഗം ജോസ് കുത്തിയതോട്ടിൽ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ജോസഫ് എം ചാക്കോ ,  പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി പി ജോൺ, ആത്മ പ്രൊജക്ട് ഡയറക്ടർ ഇ.കെ അജിമോൾ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സുരേഷ് പണിക്കർ, പടന്നക്കാട് കാർഷിക കോളേജ് പ്രൊഫസർ കെ.എം ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തി.


 കുളമ്പു രോഗത്തിന്റെ പ്രതിരോധവും ചികിത്സയും എന്ന വിഷയത്തിൽ വെറ്റിനറി സർജൻ സ്മിത സെബാസ്റ്റ്യൻ സെമിനാർ നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ (പരപ്പ) എസ് ഉമ സ്വാഗതവും സീനിയർ വെറ്റിനറി സർജൻ പി കാർത്തികേയൻ നന്ദിയും പറഞ്ഞു. പരപ്പ ബ്ലോക്കിന് കീഴിലുള്ള കർഷകർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്കായി മൊബൈൽ മണ്ണ് പരിശോധനാ ലബോറട്ടറി സംവിധാനം ഒരുക്കിയിരുന്നു. ക്ഷീര കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ആംപ്യുലേറ്ററി ക്ലിനിക്കും ഏർപ്പെടുത്തി.

മൃഗസംരക്ഷണ വകുപ്പിൽ നിന്നും  പുൽവിത്തുകളും ആമ്പുലേറ്ററി ക്ലിനിക്കിന്റെ ഭാഗമായുള്ള മരുന്നുകളും  ഇ ചന്ദ്രശേഖരൻ എം.എൽ.എ കർഷകർക്ക് കൈമാറി. പി. എം കിസാൻ പദ്ധതിയിൽ  ബളാൽ, കോടോം ബേളൂർ, കിനാനൂർ  കരിന്തളം പഞ്ചായത്തുകളിൽ ഇ.കെ വൈ.സി പൂർത്തീകരിക്കാൻ കഴിയാത്ത ഗുണഭോക്താക്കൾക്ക് അത് പൂർത്തീകരിക്കനുള്ള അവസരവും ഒരുക്കി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്ത ഗുണഭോക്താക്കൾക്ക് പോസ്റ്റൽ ബാങ്കിൽ അക്കൗണ്ട് എടുക്കാനുള്ള അവസരവും കൃഷി മഹോത്സവിൽ ഒരുക്കി.

No comments