Breaking News

ബോണസ് നൽകുന്നില്ല ; പുങ്ങംചാൽ ചീർക്കയം ക്രഷറിലേക്ക് 
തൊഴിലാളികൾ പ്രതിഷേധമാർച്ച് നടത്തി


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി ചീർക്കയം ക്രഷറിലെ തൊഴിലാളികൾക്ക് ബോണസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിര്‍മാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ക്രഷറിലേക്ക്‌ മാർച്ച് നടത്തി. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പുങ്ങൻചാലിൽനിന്ന് ആരംഭിച്ച മാർച്ച് സിപിഐ എം സംസ്ഥാനക്കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എം വി ചന്ദ്രൻ അധ്യക്ഷനായി, സാബു അബ്രഹാം, കെ ദിനേശൻ, ടി കെ സുകുമാരൻ, കെ മണിമോഹൻ, ജോസ് പതാലിൽ എന്നിവർ സംസാരിച്ചു. കെ ദിനേശൻ സ്വാഗതം പറഞ്ഞു. ഓണത്തിനുമുമ്പ് ആരംഭിച്ച സമരം 49 ദിവസം കഴിഞ്ഞിട്ടും അവസാനിപ്പിക്കാൻ മാനേജ്മെന്റ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.
തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ന്യായമായ ബോണസ് ചീർക്കയം ക്രഷർ ഉടമകൾ നൽകാൻ തയ്യാറായില്ല. നിരവധിതവണ മാനേജ്മെന്റുമായി തൊഴിലാളി യൂണിയൻ ചർച്ച നടത്തി. തികച്ചും ധിക്കാരമായ നടപടിയാണ് മാനേജ്മെന്റ് കാണിച്ചത്.
മാത്രമല്ല തൊഴിലാളികൾക്കെതിരെ മാനേജ്മെന്റ് കള്ളകേസ് നൽകുകയയും ചെയ്തു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സിഐടിയു നേതൃത്വം മുന്നറിയിപ്പ് നല്‍കി. സമരം ചെയ്യുന്ന 12 തൊഴിലാളികൾക്ക്‌ നിര്‍മാണ തൊഴിലാളി യൂണിയൻ തൃക്കരിപ്പൂർ, എളേരി ഏരിയാക്കമ്മിറ്റികൾ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.


No comments