Breaking News

"കുടിവെള്ളം നൽകാതെ വെള്ളത്തിന്റെ ബില്ല് വാങ്ങുന്നതായി പരാതി " വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം താലൂക്ക് മിനി സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു.കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരന്റെ ആധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികളുൾപ്പെടെ നിരവധിപേർ പങ്കെടുത്തു. താഹസിൽദാർ സ്വാഗതം പറഞ്ഞ യോഗത്തിൽ നിരവധി പരാതികളും നിർദേശങ്ങളും ഉയർന്നു വന്നു.


യോഗത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം, വേസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി സി ഈസ്മായിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി പി തമ്പാൻ, ബാബു കോഹിനൂർ, നന്ദകുമാർ വെള്ളരിക്കുണ്ട്, ബെന്നി നാഗമാറ്റം എൻ പുഷ്പരാജൻ, ബിജു തുളുശ്ശേരി, അബ്ദുൽ ഖാദർ എന്നിവർക്ക് പുറമെ വിവിധ ഡിപ്പാർട്മെന്റ്കളിൽ നിന്നായി ഉദ്യോഗസ്ഥരും പങ്കെടുത്തു.


യോഗത്തിൽ ഉയർന്ന പരാതികളും നിർദേശങ്ങളും പരിഹാരങ്ങളും ചുവടെ...


പെരുമ്പട്ട് മൗക്കോട് റോഡ് നിർമ്മാണത്തിനിടയിൽ കുടിവെളള പൈപ്പ് പൊട്ടിയിട്ട് രണ്ടു വർഷത്തോളമായെന്നും വാട്ടർ സപ്ലൈ നടത്താത്ത സാഹചര്യത്തിൽ ഉപഭോക്താക്കളിൽ നിന്നും ചാർജ് ഈടാക്കുന്നതായും യോഗത്തിൽ പരാതി ഉയർന്നു. ആയത് പരിശോധിക്കുന്നതിന് കേരള വാട്ടർ അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറോട്  ആവശ്യപ്പെടാൻ തീരുമാനിച്ചു. ജലജീവൻ മിഷൻ ഉൾപ്പടെ പൂർത്തീകരിക്കപ്പെടാത്ത പദ്ധതികളുടെ ആവശ്യത്തിന് ഉപഭോക്താക്കിൽ നിന്നും പണം പിരിക്കാൻ പാടില്ല എന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾ രേഖാമൂലം പരാതി കൊടുക്കണമെന്നും എം.എൽ.എ. നിർദ്ദേശിച്ചു. കേരള വാട്ടർ അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത യോഗത്തിൽ പങ്കെടുക്കാൻ എം.എൽ.എ നിർദ്ദേശിച്ചു.

കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് കിലോ മീറ്റർ ചുറ്റളവിലെ പ്രദേശവാസികളെ വന സംരക്ഷണ സമിതിയിൽ ഉൾപ്പെടുത്തുന്നതിന് അതിർത്തി നിർണ്ണയിച്ചത് ക്രമ പരമല്ലെന്ന് അഭിപ്രായമുയർന്നു.

കോട്ടഞ്ചേരി ഇക്കോ ടൂറിസത്തിന്റെ പ്രാരംഭ നടപടിയായ വന സംരക്ഷണ സമിതി രൂപീകരണം നടക്കുന്ന യോഗത്തിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി തീരുമാനമുണ്ടാകുമെന്ന് എം.എൽ.എ. അറിയിച്ചു.

ഭീമനടി - മുക്കട റോഡിൽ പരപ്പച്ചാൽ പാലത്തിനടുത്ത് റോഡ് സൈഡിൽ മണ്ണെടുത്തതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഈ സ്ഥലങ്ങളിലെ പി.ഡബ്ല്യൂ.ഡി. അതിർത്തി നിർണ്ണയിച്ച് നൽകാൻ പൊതുമരാമത്ത് റോഡ് അസിസ്റ്റൻറ് എൻജിനീയർ  യോഗത്തിൽ കത്ത് നൽകി.

KRFB യുമായി ബന്ധപ്പെട്ട നിർമ്മാണത്തിലിരിക്കുന്ന റോഡുകളായ ചിറ്റാരിക്കാൽ ഭീമനടി റോഡ് അറ്റകുറ്റ പണികൾ തീർത്ത് ഡിസംബർ മാസത്തോട് കൂടി ഒരു ലയർ ടാറിംഗ് പൂർത്തീകരിക്കും. കാറ്റംകവല റോഡ് തകർന്നത് പുനർ നിർമ്മാണത്തിനായി ഡൈവേർഷൻ റോഡ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു എന്നും ഡൈവേർഷൻ റോഡ് ആകുന്ന മുറയ്ക്ക് പുനർ നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്നും പങ്കെടുത്ത പ്രതിനിധി അറിയിച്ചു.

കോളിച്ചാൽ ചെറുപുഴ റോഡ് ബാക്കി വരുന്ന പ്രവർത്തിക്കുളള ഭരണാനുമതി KIIFB - യിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് തുടങ്ങും.

ഹോസ്ദുർഗ്ഗ് - പാണത്തൂർ റോഡ് കോണ്ട്രാക്ടർക്ക് നൽകിയ പ്രവർത്തി കാലാവധി ഈ മാസം അവസാനിക്കുന്നതിനാൽ വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾക്കായി KRFB എക്സിക്യൂട്ടീവ് എൻജിനീയർ കാഞ്ഞങ്ങാട് ഓഫീസിൽ വെച്ച് 16.10.23-ന് കോൺട്രാക്ടറുമായി യോഗം ചേരുവാൻ തീരുമാനിച്ചതായി KRFB പ്രതിനിധി യോഗത്തിൽ അറിയിച്ചു.

വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ പന്നി ശല്യം ഉൾപ്പടെയുളള വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങളെ ഇതു സംബന്ധിച്ച് ബോധവാന്മാരാക്കി അപേക്ഷകൾ ക്ഷണിക്കണമെന്നും ഇതിന് പഞ്ചായത്തുകൾ തന്നെ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

നിരന്തരമായി താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാതെ ചില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മാറി നിൽക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.

എല്ലാ പ്രസിഡന്റ് മാരും, പ്രസിഡന്റിന് ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിൽ വൈസ് പ്രസിഡന്റും യോഗത്തിൽ ഹാജരായാൽ യോഗത്തിൽ ഉന്നയിക്കപ്പെടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് യോഗത്തിൽ തന്നെ തീരുമാനം കൈക്കൊളളാൻ സാധിക്കുമെന്ന് എം.എൽ.എ.യോഗത്തിൽ അഭിപ്രായപ്പെട്ടു.

വെള്ളരിക്കുണ്ട് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി ഒക്ടോബർ മാസം അവസാനത്തോട് കൂടി തീരുമാനം ഉണ്ടകാകുമെന്ന് എം.എൽ.എ. യോഗത്തിൽ അറിയിച്ചു.


വെളളരിക്കുണ്ട് ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അനധികൃതമായാണെന്ന് യോഗം ചൂണ്ടിക്കാട്ടി.അനധികൃത പാർക്കിംഗ് മൂലം ഗതാഗത തടസ്സം നേരിടുന്നതായി യോഗം വിലയിരുത്തി. (നടപടി ആർ ടി ഓ, പോലീസ്)

മുക്കട ഭാഗത്ത് റോഡിലേക്ക് ഇറക്കിയാണ് ക്രാഷ് ബാരിയർ നിർമ്മിച്ചിട്ടുളളതെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.(നടപടി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം) ഇതു ജില്ലാ കളക്ടർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുമ്പോൾ ബന്ധപ്പെട്ട ജനപ്രതിനിധികളെ കൂടി അറിയിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു ആവശ്യപ്പെട്ടു. സംബന്ധിച്ച് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്താമെന്ന് എം.എൽ.എ. അറിയിച്ചു.

No comments