കാഞ്ഞങ്ങാട് നഗരസഭ പുതിയ ബസ്സ്റ്റാൻഡിൽ ഷീ ലോഡ്ജ് ,കുടുംബശ്രീ ബസാർ എന്നിവ തുറന്നു
താഴത്തെ നിലയിൽ കച്ചവടസ്ഥാപനങ്ങളും മുകളിലത്തെ നിലയിൽ ലോഡ്ജും എന്ന രീതിയിലാണ് കെട്ടിടം. താഴത്തെ നിലയിലെ കടമുറികളിൽ ഒരുവർഷം മുൻപ് പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിനു കീഴിൽ കുടുംബശ്രീ സംരംഭകർ സുഭിക്ഷ ഹോട്ടൽ തുടങ്ങിയെങ്കിലും കെട്ടിടത്തിലെ ലോഡ്ജ് മുറികൾ പൊടിപിടിച്ച് കിടക്കുകയായിരുന്നു..നഗരസഭ കുടുംബശ്രീ സി.ഡി.എസ്.-ഒന്ന് കൂട്ടായ്മയിലാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. സ്ത്രീകൾക്ക് ചുരുങ്ങിയ ചെലവിൽ താമസസൗകര്യം ഒരുക്കുന്ന ഷീ ലോഡ്ജിൽ ദിവസവാടക 200 രൂപയും രണ്ടുമണിക്കൂർ വിശ്രമത്തിന് 100 രൂപയുമാണ്. പ്രതിമാസ വാടക 6,000 രൂപയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ടും മുകളിലത്തെ നിലയിൽ അഞ്ചും മുറികളാണുള്ളത്.
ചുറ്റുമതിൽ നിർമാണം, ഷീറ്റ്പന്തൽ നിർമാണം എന്നിവ ഒരുക്കണമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടന്നില്ല. ലോഡ്ജിനോട് ചേർന്ന് തുടങ്ങിയ കുടുംബശ്രീ ബസാർ നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ നിർമിച്ച ഗുണനിലവാരവും വിലക്കുറവുമുള്ള ഉത്പന്നങ്ങളാണ ബസാറിൽ ഒരുക്കിയിരിക്കുന്നത്. സ്ഥിരംസമിതി ചെയർമാൻ അഹമ്മദ് അലി അധ്യക്ഷനായി. വൈസ് ചെയർമാൻ പി. അബ്ദുള്ള, സി.ഡി.എസ്. ഒന്ന് ചെയർപേഴ്‌സൺ സൂര്യ ജാനകി, വൈസ് ചെയർപേഴ്‌സൺ കെ.വി. ഉഷ, കൗൺസിലർമാർ, സി.ഡി.എസ്. അംഗങ്ങൾ എന്നിവർ പങ്കെടുത്തു
No comments