പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കോവിഡ് പരിശോധന പുനരാരംഭിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകളാണ് സര്‍വ്വകലാശാലയുടെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബില്‍ പരിശോധിക്കുന്നത്. ജില്ലാ ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയ ലാബ് ടെക്നീഷ്യന്‍മാര്‍ക്ക് പുറമെ ഗവേഷക വിദ്യാര്‍ത്ഥികളുടെ സേവനവും ഇതിനായുണ്ട്. 2020ല്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍വ്വകലാശാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. അതേ വര്‍ഷം മാര്‍ച്ച് മാസത്തില്‍ സ്രവം പരിശോധിക്കുന്നതിനായി സര്‍വ്വകലാശാലക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ അംഗീകാരം ലഭിച്ചു. ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗം പ്രൊഫസറും വൈറോളജിസ്റ്റുമായ ഡോ. രാജേന്ദ്ര പിലാങ്കട്ടയാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ഇതുവരെ കോവിഡ് നിര്‍ണയത്തിനുള്ള നാല് ലക്ഷത്തിലേറെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ സര്‍വ്വകലാശാല നടത്തിയിട്ടുണ്ട്. കോവിഡിന്റെ ജനിതക വ്യതിയാനം കണ്ടെത്തുന്നതിനായുള്ള മൂവായിരത്തിലധികം പരിശോധനകളും നടന്നു. മുന്‍കാലങ്ങളില്‍ പ്രതിദിനം 1500 പരിശോധനകള്‍ വരെ സര്‍വ്വകലാശാലയില്‍ നടന്നിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് ഏറെ ആശ്വാസമായിരുന്നു സര്‍വ്വകലാശാലയുടെ ഇടപെടല്‍. കോവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ പരിശോധന നിര്‍ത്തിവെക്കുകയായിരുന്നു. നേരത്തെ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലയെ ആദരിച്ചിരുന്നു.
No comments