Breaking News

തേജസ്വിനിക്ക് കുറുകെ നടപ്പാലം നാടിന് സമർപ്പിച്ചു കിനാനൂർ കരിന്തളം- കയ്യൂർ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം


കരിന്തളം : കിനാനൂർ കരിന്തളം പഞ്ചായത്തിനെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴക്ക് കുറുകെ ചെറുപ്പക്കോട് കടവിൽ നിർമ്മിച്ച താൽക്കാലിക നടപ്പാലം സി പി ഐ എം കാസർഗോഡ്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുലിയന്നൂർ പുതിയറയക്കാൽ ദേവസ്വം പ്രസിഡണ്ട് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. തോണിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഇരുകരകളിലുള്ളവർക്ക് യാത്രാ ക്ലേശത്തിന് താൽക്കാലിക പരിഹാരമായി. മഴക്കാലമായൽ യാത്ര ദുരിതമാണ്. പുഴയിൽ വെള്ളം കയറുമ്പോൾ പാലം ഒലിച്ച് പോകും. തോണി അപകടങ്ങൾ ഇവിടെ പതിവാണ്. സി പി ഐ എം വടക്കെ പുലിയന്നൂർ ബ്രാഞ്ചിന്റെയും പുലിയന്നൂർ പുതിയറയക്കാൽ ഭഗവതി ക്ഷേത്ര ദേവസ്വത്തിന്റെയും തീരുമാനത്തിന്റെ ഭാഗമയാണ് പാലം പൂർത്തിയായത്. ചീമേനി എൻജിനിയറിംഗ് കോളേജ്, ഹയർ സെക്കന്ററി സ്കൂൾ , പള്ളിപ്പറ അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളടക്കം നിത്യേന നൂറ്കണക്കിനാളുകൾ പയ്യന്നൂർ , നീലേശ്വരം ടൗണുകളിൽ എനി എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും. കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തി റോഡ് പാലത്തിന് അനുമതി ലഭിച്ചെങ്കിലും അപ്രോച്ച് റോഡിന്  സ്ഥലം ലഭിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ അനുമതി ലഭിക്കാത്തത് നാടിന്റെ വികസനത്തിന് വിലങ്ങ് തടിയായി നിൽക്കുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ ശകുന്തള, കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, കയ്യൂർ ചീമേനി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജിത്ത്കുമാർ , സി പി ഐ എം നീലശ്വരം ഏരിയാ കമ്മറ്റി അംഗം പാറക്കോൽ രാജൻ, കരിന്തളം ഈസ്റ്റ് എൽ സി സെക്രടറി വരയിൽ രാജൻ, ദേവസ്വം സെക്രട്ടറി സുനിൽകുമാർ കള്ളപ്പാത്തി, എൽ സി അംഗങ്ങളായ ടി പി നാരായണൻ ,എം ചന്ദ്രൻ ,പി ശാർങ്ങി എന്നിവർ സംസാരിച്ചു. കെ വി സുധീഷ് കുമാർ സ്വാഗതം പറഞ്ഞു.

No comments