Breaking News

"വയോജനമിത്രം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണം" കേരള സീനിയർ സിറ്റിസൺ ഫോറം കാസർഗോഡ് ജില്ലാ സമ്മേളനം ചിറ്റാരിക്കാലിൽ നടന്നു


ചിറ്റാരിക്കാൽ: കേരള സീനിയർ സിറ്റിസൺ ഫോറം കാസർഗോഡ് ജില്ലാ സമ്മേളനം ചിറ്റാരിക്കാലിൽ വച്ച് നടന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് അബൂബക്കർ ഹാജി പതാക ഉയർത്തി. തുടർന്ന് ചിറ്റാരിക്കാൽ ടൗൺ കേന്ദ്രീകരിച്ച് പ്രകടനം  നടന്നു. നൂറുകണക്കിന് വയോജനങ്ങൾ അണിനിരന്ന റാലി സംഘടനയുടെ കരുത്ത് തെളിയിക്കുന്നതായി മാറി. തുടർന്ന് വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനം ഈസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡണ്ട് ടി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ സുകുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. തോമാപുരം സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കമ്പല്ലൂർ ജുമാമസ്ജിത് ഖത്തീബ് ബാദുഷ അസഹി,  പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി.വി ചന്ദ്രൻ, ജില്ലാ പഞ്ചായത്തം ജോമോൻ ജോസ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുത്തിയതോട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ജോയിച്ചൻ മച്ചിയാനി ,  കെസി മൈക്കിൾ കൊച്ചുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


ക്ഷേമ പെൻഷനുകൾ കുടിശ്ശിക വരുത്താതെ മാസംതോറും ലഭ്യമാക്കുക, ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്നും 5000 രൂപയായി വർദ്ധിപ്പിക്കുക , വയോജനമിത്രം പദ്ധതി ഗ്രാമ പ്രദേശത്തുകൂടി നടപ്പിലാക്കുക , മാതൃ -പിതൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മെയിന്റനൻസ് ട്രൈബ്യൂണൽ കാര്യക്ഷമമാക്കുക, സർക്കാർ വയോജന വകുപ്പ് രൂപീകരിച്ച് പരാതികൾ പരിഹരിക്കുന്നതിനായി വയോജന കമ്മീഷനെ നിയമിക്കുക , പകൽ വീടുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക , കർഷക പെൻഷൻ അടിയന്തരമായി നൽകുക തുടങ്ങിയ വിവിധ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.



ഉച്ചകഴിഞ്ഞ് നടന്ന ജില്ലാ കൗൺസിൽ യോഗം സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു.  തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

No comments