കല്യോട്ട് സ്വകാര്യ പറമ്പിൽ 2000 വർഷം പഴക്കമുള്ള മഹാശില ചെങ്കല്ലറകൾ കണ്ടെത്തി
ഇരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പെരിയ വില്ലേജില്‍ 2000 വര്‍ഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകള്‍ കണ്ടെത്തി. കല്യോട്ട് കഴകം ഭഗവതി ക്ഷേത്രത്തിനടുത്താണ് സ്വകാര്യ പറമ്പില്‍ ചെങ്കല്ലറകള്‍ കണ്ടെത്തിയത്. മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ, കല്‍പത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി എന്നിങ്ങനെ പല പേരുകളില്‍ പ്രാദേശികമായി വിളിക്കപ്പെടുന്ന ചെങ്കല്ലറയുടെ കണ്ടെത്തലോടെ കല്യോട്ട് പ്രദേശം രണ്ടായിരം വര്‍ഷം മുമ്ബുതന്നെ ജനാധിവാസമേഖലയായിരുന്നെന്നാണ് അനുമാനം.
'കല്യോട്ടിന്റെ ചരിത്രവും സമൂഹവും' എന്ന പ്രോജക്ടിന്റെ ഭാഗമായി പ്രദേശം സന്ദര്‍ശിച്ച കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ഥികളായ കെ. ശരണ്യ ശര്‍മ, എം. ഹര്‍ഷിത, കെ. ജിഷ്ണു, ശ്രുതി കൃഷ്ണ എന്നിവര്‍ പ്രദേശവാസിയായ താന്നിക്കല്‍ കൃഷ്ണനോട് അഭിമുഖം നടത്തവെയാണ് സമീപത്ത് രണ്ട് ഗുഹകളുണ്ടെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് കോളജിലെ ചരിത്രാധ്യാപകന്‍ ഡോ. നന്ദകുമാര്‍ കോറോത്ത് സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുടെ സഹായത്തോടെ കാട് വെട്ടിത്തെളിച്ച് പരിശോധിച്ചാണ് പ്രദേശവാസികളുടെ അറിവിലുള്ള ഗുഹകള്‍ മഹാശിലാ സംസ്‌കാരത്തിന്റെ ചരിത്രശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചത്. വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് കവാടവും തുറക്കപ്പെട്ട നിലയിലാണ്. ഉള്‍ഭാഗത്ത് മണ്‍കൂമ്പാരത്തില്‍ മണ്‍പാത്രങ്ങളുടെ ഭാഗങ്ങള്‍ ദൃശ്യമാകുന്നുണ്ട്.
No comments