നീലേശ്വരം-ഇടത്തോട് റോഡ് നവീകരണം ; ഏറ്റെടുത്ത ഭൂമി റവന്യൂവകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി
നീലേശ്വരം-ഇടത്തോട് റോഡ് നവീകരണത്തിന്റെ ഭാഗമായി പേരോല്‍ വില്ലേജില്‍ ഏറ്റെടുത്ത ഭൂമി റവന്യൂവകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി.
ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിൽ നിന്നും പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എഞ്ചിനീയര്‍ സി.ജെ കൃഷ്ണൻ രേഖകൾ ഏറ്റുവാങ്ങി. കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ നീലേശ്വരം താലൂക്ക് ആശുപത്രിവരെ റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖകളാണ് കൈമാറിയത്. ലാന്റ് അസൈന്‍മെന്റ് തഹസില്‍ദാര്‍ എം.ആര്‍.രാജേഷ്, ജൂനിയര്‍ സൂപ്രണ്ട് ഗിരീഷ്‌കുമാര്‍, ഉദ്യോഗസ്ഥരായ കെ.സ്മിത, റോസില്‍ദാസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സി.ജി.രവീന്ദ്രന്‍, ഇ.സഹജന്‍, ജയദീപ്കുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 127 ഉടമകളില്‍ നിന്നും 02.23 ഏക്കര്‍ ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുത്തത്. 120859364 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ചത്. ഇത്രയും ഭൂമി ഏറ്റെടുക്കാന്‍ 119005370 കോടിരൂപയാണ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്. ഏറെക്കാലത്തെ ശ്രമഫലമായാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി റവന്യൂവകുപ്പിന് കീഴിലെ ലാന്റ് അസൈന്‍മെന്റ് വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കിയത്.
അതേസമയം എടത്തോട്-നീലേശ്വരം റോഡ് പ്രവര്‍ത്തി ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. റോഡ് പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരനെ അയോഗ്യനാക്കി കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് പുതിയ കരാര്‍ വിളിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരുന്നതിനിടയില്‍ കരാറുകാരന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടത്തോട് മുതല്‍ ചോയ്യംങ്കോട് വരെ റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ചോയ്യംങ്കോട് നിന്നും പാലായി റോഡ് ജംഗ്ഷന്‍വരെയും താലൂക്ക് ആശുപത്രിയില്‍ നിന്നും കോണ്‍വെന്റ് ജംഗ്ഷന്‍വരെയും റോഡ് നവീകരണ പ്രവര്‍ത്തിയാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഏറ്റെടുത്ത ഭൂമി കൈമാറിയതോടെ റോഡ് വികസനത്തിനുള്ള മറ്റ് തടസ്സങ്ങളെല്ലാം നീങ്ങികഴിഞ്ഞു.
2019 മാര്‍ച്ച് 8നാണ് റോഡ് നിര്‍മ്മാണ കരാര്‍ കൈമാറിയത്. 12.776 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നവീകരണത്തിന് 42.10 കോടിരൂപയുടെ എസ്‌ററിമേറ്റാണ് തയ്യാറാക്കിയത്. 10 മാസം കൊണ്ട് പണിപൂര്‍ത്തീകരിക്കേണ്ടതാണെങ്കിലും നാലുവര്‍ഷം കഴിഞ്ഞിട്ടും പണി അനിശ്ചിതത്വത്തിലാണ്.
No comments