ഓട്ടോയിൽ കേരളത്തിലേക്ക് മദ്യ കടത്ത്; 129 ലിറ്റർ കർണാടക നിർമിത വിദേശ മദ്യവുമായി മഞ്ചേശ്വരത്ത് രണ്ടുപേർ പിടിയിൽ
കാസർകോട്: ഓട്ടോയിൽ കേരളത്തിലേക്ക് കടത്തിയ 129.6 ലിറ്റർ കർണാടക നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. കുമ്പള സൂരംബയൽ സ്വദേശി നാരായണൻ (58), മധൂർ സ്വദേശി കെ കിരൺ കുമാർ(48) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് എക്സൈസ് സംഘം രഹസ്യ വിവരത്തെ തുടർന്ന് മഞ്ചേശ്വരത്ത് വാഹന പരിശോധന നടത്തിയത്. കർണാടക അതിർത്തിയിലെ ബാറിൽ നിന്നാണ് മദ്യം കേരളത്തിലേക്ക് ഓട്ടോയിൽ കടത്താൻ ശ്രമിച്ചത്. അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് തൊണ്ടിമുതൽ സഹിതം പ്രതികളെ കാസർകോട് ഓഫീസിലെത്തിച്ചു. ബുധനാഴ്ച രാവിലെ കാസർകോട് കോടതിയിൽ ഹാജരാക്കും. അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ ജില്ലയിലെ പ്രധാനിയാണ് നാരായണൻ. രണ്ടാം പ്രതി കിരൺ മദ്യം കടത്തിയ കുറ്റത്തിന് മുമ്പ് പിടിയിലായിട്ടുണ്ട്. എക്സൈസിന്റെ പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെആർ പ്രജിത്ത്, കെ സതീശൻ, വി മഞ്ചുനാഥൻ, എകെ നസറുദ്ദീൻ, ഡ്രൈവർ ക്രിസ്റ്റീൻ എന്നിവർ പങ്കെടുത്തു.
No comments