75ാം വയസിലും വായനയെ നെഞ്ചോട് ചേർത്ത് വെള്ളരിക്കുണ്ടിലെ മീനാക്ഷിയമ്മ വായിച്ചു തീർത്തത് ആയിരക്കണക്കിന് പുസ്തകങ്ങൾ
വെള്ളരിക്കുണ്ട് : എഴുപത്തി അഞ്ചാം വയസിലും വായനയെ പ്രാണവായു പോലെ കൊണ്ടു നടക്കുന്നൊരമ്മ വെള്ളരിക്കുണ്ടിലുണ്ട്. മീനാക്ഷിയമ്മയ്ക്ക് പുസ്തകങ്ങൾ ഇല്ലാത്ത ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ചെറുപ്പത്തിൽ തുടങ്ങിയ ശീലമാണ് വായന . മറ്റ് വിനോദോപാധികൾ ഇല്ലാതിരുന്ന കാലത്ത് വീക്കിലികൾ ആയിരുന്നു ആശ്രയം. മനോരമ മംഗളം തുടങ്ങിയ ആഴ്ച്ചപതിപ്പുകളിലെ നോവലുകൾ വായിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ആഴ്ച്ചപതിപ്പുകൾ ലഭ്യമല്ലാതായതോടെ മറ്റ് പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിലെ പുസ്തകങ്ങൾ മീനാക്ഷിയമ്മയുടെ വായനയുടെ ആഴവും പരപ്പും വർദ്ധിപ്പിച്ചു. യു.എ ഖാദറിന്റെ 'ഓർമ്മച്ചീളുകൾ' എൻ.വി സന്ധ്യയുടെ 'ചേതി' , ബെന്യാമിന്റെ 'ആടുജീവിതം ' എന്നീ പുസ്തകങ്ങളാണ് ഏറ്റവും ഒടുവിലായി വായിച്ചു തീർത്തത്. പ്രായം 75 ആയെങ്കിലും കാഴ്ച്ചയ്ക്ക് മങ്ങലേറ്റിട്ടില്ല, കണ്ണട ഇല്ലാതെയാണ് മീനാക്ഷിയമ്മ ഇപ്പഴും പുസ്തകങ്ങൾ വായിക്കുന്നത്. അഞ്ചാം തരം മാത്രമെ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളുവെങ്കിലും അതിലും വലിയ അറിവുകളാണ് തനിക്ക് പുസ്തകങ്ങളിൽ നിന്ന് ലഭിച്ചതെന്ന് മീനാക്ഷിയമ്മ അഭിമാനത്തോടെ പറയുന്നു. വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ കെട്ടിടോദ്ഘാടന ചടങ്ങിൽ മികച്ച വായനകാരിയായ മീനാക്ഷി അമ്മയെ ആദരിച്ചിരുന്നു. ഇപ്പോൾ മകളോടൊപ്പം കനകപ്പള്ളിയിലാണ് താമസം. വീട്ടുജോലികൾക്കിടയിൽ സമയം കണ്ടെത്തിയാണ് മീനാക്ഷിയമ്മ വായനയുടെ ലോകത്ത് മുഴുകുന്നത്. ടെലിവിഷൻ സീരിയലിന്റേയും മൊബൈലിന്റെ മുന്നിലും സമയം കളയുന്നവർക്ക് മുന്നിൽ ഒരു മാതൃകാ ജീവിതം കാണിച്ചു തരികയാണ് പുസ്തകങ്ങളേയും വായനയെയും സ്നേഹിക്കുന്ന ഈ എഴുപത്തഞ്ചുകാരി .
ചിത്രം, എഴുത്ത്: ചന്ദ്രു വെള്ളരിക്കുണ്ട്
No comments