Breaking News

ജില്ലയില്‍ 57 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷണത്തില്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി


കാസർഗോഡ് :  ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 57 കേസുകള്‍ അന്വേഷിച്ചു വരുന്നു. ഈ കേസുകളുടെ അന്വേഷണത്തില്‍ നിന്നും തട്ടിപ്പുകാര്‍ ഇരകളില്‍ നിന്നും പണം തട്ടാന്‍ വിവിധ തട്ടിപ്പ് രീതികള്‍ ആവര്‍ത്തിച്ച് അവലംബിക്കുന്നതായി കാണപ്പെടുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയും വാട്‌സപ്പ് ടെലഗ്രാം തുടങ്ങിയവ വഴി ബന്ധപ്പെട്ടും ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി പണം ഉണ്ടാക്കുന്നത് പഠിപ്പിക്കാം, നടത്തുന്നതിന് സഹായിക്കാം എന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി അതില്‍ വീഴുന്ന ഇരകളെക്കൊണ്ട് ട്രേഡിംഗിനെന്ന രീതിയില്‍ തുടര്‍ച്ചയായി പണം അയപ്പിക്കുന്നു.


ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയും വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി ബന്ധപ്പെട്ടും വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ജോബ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കുന്നു. വാഗ്ദാനങ്ങളില്‍ വീഴുന്ന ഇരകള്‍ ടാസ്‌കുകള്‍ കംപ്ലീറ്റ് ചെയ്യുക, ഓണ്‍ലൈന്‍ റിവ്യൂ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി തട്ടിപ്പുകാര്‍ക്ക് തുടര്‍ച്ചയായി പണം അയച്ചു കൊടുക്കുകയും ചെയ്യുന്നു. തട്ടിപ്പുകാര്‍ ക്ലാസ്സിഫൈഡ് ഓണ്‍ലൈന്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമുകളായ ഒ.എല്‍.എക്‌സ് പോലുള്ള സൈറ്റുകളിലും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് പ്ലേസ് പോലുള്ള ഇടങ്ങളിലും എസ്.യു.വികള്‍, ഓല സ്‌കൂട്ടറുകള്‍, സോഫ മറ്റീരിയലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്ത് പണം വാങ്ങുന്നു. എന്നാല്‍ സാധനങ്ങള്‍ ഡെലിവര്‍ ചെയ്യുകയില്ല.


ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ ഹോസ്പിറ്റലുകള്‍, ബാങ്കുകള്‍, ആമസോണ്‍ / ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ തുടങ്ങിയവയുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ എന്ന വ്യാജേന തട്ടിപ്പുകാര്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ പണം നല്കി പരസ്യം ചെയ്യുന്നു. കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സെര്‍ച്ച് ചെയ്ത് തട്ടിപ്പുകാരെ വിളിക്കുന്ന ഇരകളെ ലിങ്ക് അയച്ചു കൊടുത്തു അതില്‍ ക്ലിക്ക് ചെയ്യിച്ചും എനിഡെസ്‌ക്, ടീംവ്യൂവര്‍ തുടങ്ങിയ റിമോട്ട് ആക്‌സസിംഗ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചും ബാങ്കിങ് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്നു.


ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ കാനഡ പോലുള്ള വിദേശ രാജ്യങ്ങളില്‍ ജോലി, പഠനം തുടങ്ങിയവ വാഗ്ദാനം ചെയ്ത് വിസ, വിമാന ടിക്കറ്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റ്ഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ചെറിയ പലിശയ്ക്ക് പേഴ്‌സണല്‍ ലോണ്‍ വാഗ്ദാനം ചെയ്ത് പ്രോസസ്സിംഗ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.വൈ.സി അപ്‌ഡേഷന്‍, ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേഷന്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വിളിച്ച് ഇരകളുടെ ഒ.ടി.പി അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കി അക്കൌണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു.


ഫേസ്ബുക്ക,് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ വിദേശികളായ ഡോക്ടര്‍, ബിസിനസ്സുകാര്‍ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഇരകളുമായി സൗഹൃദം സ്ഥാപിക്കുകയും ഇരകള്‍ക്ക് ഗിഫ്റ്റ് അയച്ചിരിക്കുന്നതായും കാണാന്‍ വരുന്നതായും മറ്റും വിശ്വസിപ്പിച്ച് എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വച്ചിരിക്കുന്നതായി അറിയിച്ച് ഗിഫ്റ്റ് റിലീസ് ചെയ്യുന്നതിനും മറ്റുമെന്ന് പറഞ്ഞ് പണം അയപ്പിക്കുന്നു. ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി ഡെലിവെറി കാത്തിരിക്കുന്ന ആള്‍ക്കാരെ വിളിച്ച് ഡെലിവറി അഡ്രസ്സ് അപ്പ്‌ഡേറ്റ് ചെയ്യുന്നതിനും ഡെലിവറി വേഗത്തിലാക്കുന്നതിനും മറ്റുമായി ഇരകള്‍ക്ക് അയച്ചു കൊടുക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യിക്കുകയും എനിഡെസ്‌ക്, ടീംവ്യൂവര്‍ തുടങ്ങിയ റിമോട്ട് ആക്‌സസിംഗ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചും ബാങ്കിംഗ് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്നു. ലോട്ടറി / ലക്കി ഡ്രോ തുടങ്ങിയവയില്‍ സമ്മാനങ്ങള്‍ അടിച്ചതായി തെറ്റിദ്ധരിപ്പിച്ച് സമ്മാനത്തുകയോ സമ്മാനമായി ലഭിച്ച വാഹനങ്ങളോ വിട്ടു കിട്ടുന്നതിന് ഇരകളെക്കൊണ്ട് വിവിധ നികുതികളുടെയും മറ്റും കാരണം പറഞ്ഞ് പണം അയപ്പിക്കുന്നു.


ഈ കേസുകളുടെ അന്വേഷണത്തില്‍ നിന്നും തട്ടിപ്പുകാര്‍ വ്യാജവിലാസത്തില്‍ നേടിയ മൊബൈല്‍ നമ്പറുകള്‍, സ്പൂഫ് ചെയ്ത ഐപി അഡ്രസ്സുകള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഗൂഗിള്‍ അക്കൗണ്ടുകള്‍, വ്യാജ വിലാസത്തില്‍ നേടിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയാണ് ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. കൂടാതെ മേല്‍ പറഞ്ഞ വിലാസങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കാണപ്പെടുകയും പല ഐ.പി അഡ്രസ്സുകളും നൈജീരിയ പോലുള്ള വിദേശ രാജ്യങ്ങളിലും മറ്റുമാണ്. അതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പോലീസ് മേധാവി പി.ബിജോയ് അറിയിച്ചു. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന പോലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണം. കൂടാതെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് 'സൈബര്‍ അവെയര്‍നസ്സ് പ്രൊമോട്ടര്‍' എന്ന നിലയില്‍ പൊതുജനങ്ങളില്‍ നിന്നും സൈബര്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തു വരുന്നതതായും https://www.cybercrime.gov.in ല്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

No comments