സമഗ്ര ശിക്ഷാ കാസർഗോഡ്, ഹോസ്ദുർഗ്ഗ് ബി ആർ സി യുടെ നേതൃത്വത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന ഉപകരണ സംഗീത പഠനത്തിന് വട്ടപ്പൊയിൽ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ തുടക്കം കുറിച്ചു.കാസർകോട് ജില്ലയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ നടന്നുവരുന്ന ഇ- കാലത്തിനൊപ്പം പരിപാടിയുടെ ഭാഗമായാണ് കലാസാകല്യം എന്ന പേരിൽ കുട്ടികൾക്ക് സംഗീത ഉപകരണങ്ങളിൽ പരിശീലനം നൽകുന്നത്. ഉപകരണ സംഗീത പഠനം സാമ്പത്തിക ബാധ്യതയുള്ളതാണ്.അതുകൊണ്ടുതന്നെ ഇതിൽ താല്പര്യം ഉള്ള കുട്ടികൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുകയാണ് കലാസാകല്യം പരിപാടിയിലൂടെ എസ് എസ് കെ ലക്ഷ്യമിടുന്നത്. ഹാർമോണിയം ഓടക്കുഴൽ എന്നീസംഗീത ഉപകരണങ്ങളുടെ പഠനമാണ് ഹോസ്ദുർഗ് ബി ആർ സി പരിധിയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ നടക്കുക .കലാസാകല്യം പരിപാടിയുടെ ഉദ്ഘാടനം നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി ഭാർഗവി നിർവ്വഹിച്ചു. ഹോസ്ദുർഗ് ബി പി സി ഡോ.കെ വി രാജേഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ എസ് എസ് കെ കാസർഗോഡ് ജില്ല പ്രൊജക്റ്റ് കോഡിനേറ്റർ വിഎസ് ബിജുരാജ് മുഖ്യാതിഥിയായി. ചടങ്ങിൽ ഫോക് ലോർ അവാർഡ് ജേതാവും നാടൻ പാട്ട് കലാകാരനുമായ മടിക്കൈ കുഞ്ഞികൃഷ്ണൻ സംഗീത ഉപകരണങ്ങൾ പരിചയപ്പെടുത്തി.ചടങ്ങിന് പ്രതിഭാ കേന്ദ്രം വളണ്ടിയർ നീതു സി നന്ദി പ്രകാശിപ്പിച്ചു.രക്ഷിതാക്കളും കുട്ടികളും ബിആർസി പ്രവർത്തകരും ഉൾപ്പെടെ 40 പേർ പരിപാടിയിൽ പങ്കെടുത്തു.
No comments